
ലക്‌നൗ: സംസ്ഥാനത്തെ വാഹനങ്ങളില്‍ ജാതി സ്റ്റിക്കര്‍ പതിപ്പിക്കുന്നവര്‍ക്കെതിരെയുള്ള നടപടി കര്‍ശനമാക്കി ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. യാദവ്, ജാട്ട്, ഗുജര്‍, ബ്രാഹ്മണന്‍, പണ്ഡിറ്റ്, ഖത്രിയ, ലോധി, മൗര്യ തുടങ്ങിയ ജാതികളില്‍പ്പെട്ട ചിലര്‍ തങ്ങളുടെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കാറുണ്ട്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
എന്നാൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ (പിഎംഒ) നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജാതി സ്റ്റിക്കറുകള്‍ പതിപ്പിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുകേഷ് ചന്ദ്ര എല്ലാ പ്രാദേശിക ഗതാഗത ഓഫീസുകള്‍ക്കും (ആര്‍ടിഒ) നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയിലെ അദ്ധ്യാപകനായ ഹര്‍ഷല്‍ പ്രഭുവാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പിഎംഒ നിര്‍ദേശം നല്‍കുകയായിരുന്നു. ഇത്തരം സ്റ്റിക്കറുകള്‍ പ്രദര്‍ശിപ്പിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് പ്രഭു പറഞ്ഞു. അതേസമയം ‘ജാതി സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ ഒട്ടിക്കാന്‍ പാടില്ല. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.’-കാണ്‍പൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഡി കെ ത്രിപാഠി പറഞ്ഞു.
Post Your Comments