
വിമാനത്താവളത്തിന് സമീപത്ത് താമസിക്കുന്നവരുടെ ആയുസിനെ പോലും ബാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തിയ പഠനത്തില്‍ പുറത്ത് വന്നിരിക്കുന്നത്. തിരക്കേറിയ വിമാനത്താവളത്തിനടുത്ത് താമസിക്കുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്വിസ് ട്രോപിക്കല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എപിഡെമോളജിസ്റ്റായ മാര്‍ട്ടിന്‍ റോസ്ലിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
2000-2015 കാലത്ത് 800 മുതല്‍ 25,000 വരെ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ക്ക് സൂറിച്ച് വിമാനത്താവളത്തിലെ വിമാനങ്ങളുടെ ശബ്ദം കാരണമായിട്ടുണ്ടെന്നാണ് റോസ്ലി ചൂണ്ടിക്കാട്ടുന്നത്. പ്രദേശത്തുള്ളവര്‍ക്ക് രാത്രി കാലങ്ങളില്‍ 40-50 ഡെസിബല്‍ ശബ്ദം കേള്‍ക്കേണ്ടി വരുന്നുണ്ട്. ആകാശത്തു നിന്നും ഇത്തരം ശബ്ദം തുടര്‍ച്ചയായി കേള്‍ക്കേണ്ടി വരുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹൃദയാഘാത സാധ്യതയുള്ളവര്‍ ഉറക്കത്തില്‍ വിമാനത്തിന്റെ ഇരമ്പല്‍ കേട്ടാല്‍ രണ്ട് മണിക്കൂറിനകം ഹൃദയാഘാതം സംഭവിക്കാന്‍ ഇടയുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
യൂറോപ്യന്‍ ഹേര്‍ട്ട് ജേണലിലാണ് സൂറിച്ച് വിമാനത്താവളവുമായി ബന്ധപ്പെട്ട് നടത്തിയ പഠനഫലം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡോ. റോസ്ലിയും സംഘവും സൂറിച്ച് വിമാനത്താവളത്തോട് ചേര്‍ന്നുള്ള പ്രദേശത്തെ 24,886 ഹൃദയ സംബന്ധമായ അസുഖങ്ങളാണ് പരിശോധനാ വിധേയമാക്കിയത്. വിമാനങ്ങളുടെ ശബ്ദം കൂടുതലായി കേള്‍ക്കുന്ന സമയങ്ങളില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ വലിയ തോതില്‍ കൂടുതലാണെന്നും ഇവര്‍ കണ്ടെത്തി. ഇതിനായി പഠനം നടത്തിയ പതിനഞ്ച് വര്‍ഷക്കാലത്തെ സൂറിച്ച് വിമാനത്താവളവുമായി ബന്ധപ്പെട്ട വിമാനങ്ങളുടെ സമയക്രമവും ഗവേഷണസംഘം പരിശോധിച്ചിരുന്നു.
Post Your Comments