‘ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്ക്’; ചികിത്സാനുഭവങ്ങള്‍ പങ്കുവെച്ച്‌ ഗായിക വൈക്കം വിജയലക്ഷ്മി

ശസ്ത്രസക്രിയ കൂടാതെ മരുന്നു കൊണ്ടു തന്നെ രോഗം മാറ്റാന്‍ കഴിയുമെന്ന ഡോക്ടര്‍മാരുടെ വാഗ്ദാനവും ഇവരുടെ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു.

കൊച്ചി: പ്രതീക്ഷ കൈവിടാതെ ഗായിക വൈക്കം വിജയലക്ഷ്മി. തന്റെ ചികിത്സാനുഭവങ്ങള്‍ പങ്കുവെച്ചാണ് ഗായിക സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. ‘കാഴ്ച തീരെ ഇല്ലാതിരുന്ന എനിക്ക് ഇപ്പോള്‍ ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. കാഴ്ച തിരികെ കിട്ടിയെന്നു തെറ്റിദ്ധരിക്കരുത്. പ്രതീക്ഷയുണ്ട്’ നേത്ര ചികിത്സയെക്കുറിച്ച്‌ മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി പറഞ്ഞു തുടങ്ങുന്നു. വര്‍ഷങ്ങളോളം നീണ്ട ഇരുട്ടില്‍ നിന്ന് പ്രകാശപൂരിതമായ ഒരു ലോകം വിജയലക്ഷ്മി സ്വപ്‌നം കണ്ടുതുടങ്ങിയിരിക്കുന്നു. ശസ്ത്രസക്രിയ കൂടാതെ മരുന്നു കൊണ്ടു തന്നെ രോഗം മാറ്റാന്‍ കഴിയുമെന്ന ഡോക്ടര്‍മാരുടെ വാഗ്ദാനവും ഇവരുടെ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു.

Read Also: ഒരു ഭാഗത്ത് പ്രതിഷേധം; മറുഭാഗത്ത് കോവിഡ്; പ്രതിസന്ധിയിൽ പഞ്ചാബ്

എന്നാൽ കാഴ്ചശക്തി നല്‍കുന്ന ഞരമ്പുകള്‍ ജന്മനാ ചുരുങ്ങിപ്പോയതാണ് വിജയലക്ഷ്മിയുടെ അന്ധതയ്ക്കു കാരണം. ചെറുപ്പം മുതല്‍ ചികിത്സകള്‍ നടത്തിയങ്കിലും ഫലം കണ്ടില്ല.കാഴ്ചശക്തിക്കായി യുഎസിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം യുഎസില്‍ ഗാനമേളയ്ക്കു പോയപ്പോളാണ് ഇത്തരമൊരു ചികിത്സാ രീതിയെക്കുറിച്ചറിയുന്നത്. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സ ആരംഭിച്ചു. എന്നാല്‍ കോവിഡ് ആയതിനാല്‍ തുടര്‍ചികിത്സ ഇപ്പോള്‍ പതുക്കെയാണ്. വൈക്കത്തെ വീട്ടില്‍ താമസിച്ചാണ് ഇപ്പോഴത്തെ ചികിത്സ.

കോവിഡ് ഭീഷണി മാറിയാല്‍ തുടര്‍ചികിത്സയ്ക്കും പരിശോധനയ്ക്കുമായി ന്യൂയോര്‍ക്കിലേയ്ക്ക് വീണ്ടും പോകും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ സ്‌കാനിങ് നടത്തി. റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍മാര്‍, മരുന്ന് ഫലിക്കുന്നതിന്റെ സൂചന വിലയിരുത്തി. ഇപ്പോള്‍ മരുന്നിന്റെ അളവ് കൂട്ടി. ഇപ്പോഴത്തെ ചികിത്സയില്‍ പ്രതീക്ഷയുണ്ടെന്ന് അമ്മ വിമല പറഞ്ഞു. ഉദയനാപുരം ഉഷാ നിവാസില്‍ വി.മുരളീധരന്റെയും പി.പി.വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. മാതാപിതാക്കളോടൊപ്പം ഉദയാനാപുരത്താണ് താമസം.

Share
Leave a Comment