കൊച്ചി: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറിയതായി ഗായിക വൈക്കം വിജയലക്ഷ്മി അറിയിച്ചു. വിവാഹിതനാകാന്‍ തീരുമാനിച്ച സന്തോഷ് എന്നയാളുടെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് വിവാഹത്തില്‍ നിന്നും പിന്‍മാറാനുള്ള പ്രധാനകാരണമെന്നു വിജയലക്ഷ്മി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവാഹശേഷം സംഗീത പരിപാടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഏതെങ്കിലും ഒരു സ്‌കൂളില്‍ സംഗീത അധ്യാപികയായി പ്രവര്‍ത്തിക്കണമെന്നുമാണ് വിഹാഹനിശ്ചയം കഴിഞ്ഞ സന്തോഷ് പറഞ്ഞത്. മാതാപിതാക്കളില്ലാത്ത സന്തോഷ് നിശ്ചയത്തിന് മുന്‍പ് സംഗീത ജീവിതത്തിന് താന്‍ ഒരിക്കലും തടസമാകില്ലെന്ന് വാക്കുതന്നിരുന്നതാണ്. എന്നാല്‍ നിശ്ചയത്തിന് ശേഷം അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു. വിവാഹശേഷം വൈക്കത്തെ തന്റെ വീട്ടില്‍ താമസിക്കാമെന്നുള്ള വാഗ്ദാനത്തില്‍ നിന്നും സന്തോഷ് പിന്‍മാറി. ഇക്കാരണങ്ങള്‍ കൊണ്ടാണ് വിവാഹത്തില്‍ നിന്നും പിന്‍മാറുന്നതെന്നു വിജയലക്ഷ്മി പറഞ്ഞു.
പിതാവ് വി.മുരളീധരനൊപ്പം എത്തിയാണ് ഗായിക പത്രസമ്മേളനം നടത്തിയത്. വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ തനിക്ക് ആരുടെയും പ്രേരണയോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടില്ലെന്നും വിജയലക്ഷ്മി പറഞ്ഞു. മാര്‍ച്ച് 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ 13 നാനായിരുന്നു വിവാഹനിശ്ചയം നടത്തിയത്.
സെല്ലുലോയ്ഡ് എന്ന കമല്‍ ചിത്രത്തിലൂടെ എം.ജയചന്ദ്രനാണ് വിജയലക്ഷ്മിയെ സിനിമാലോകത്ത് എത്തിച്ചത്. പിന്നീട് കുറഞ്ഞകാലം കൊണ്ടുതന്നെ വിജയലക്ഷ്മി മലയാളികളുടെ ഇഷ്ടഗായികയായി വളരുകയായിരുന്നു. സെല്ലുലോയിഡിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശവും നേടി. പിറ്റെവര്‍ഷം ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കിയിലേ’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡും വിജയലക്ഷ്മിയെ തേടിയെത്തിയിരുന്നു.
ജന്മനാ അന്ധയായ വിജയലക്ഷ്മി വീണയെ രൂപം മാറ്റിയെടുത്ത ഗായത്രിവീണയില്‍ ചെറുപ്പകാലം മുതല്‍ അസാമാന്യ മികവ് പുലര്‍ത്തി. പിതാവ് മുരളീധരനാണ് മകള്‍ക്കുവേണ്ടി ഗായത്രി വണ നിര്‍മിച്ച് മകള്‍ക്ക് നല്‍കിയത്. വീട്ടുകാരുടെ വിജി എന്ന വിജയലക്ഷ്മി കുട്ടിക്കാലം മുതല്‍ സംഗീതത്തിലും കഴിവ് തെളിയിച്ചു. ഗാനമേളകളിലടക്കം നിരവിധ വേദികളില്‍ പ്രതിഭ തെളിയിച്ച വിജയലക്ഷ്മി തന്റെ പരിമിതിയെ കഠിനപ്രയത്‌നം കൊണ്ട് അതിജീവിച്ചാണ് വിജയം വരിച്ചത്.
Post Your Comments