കോഴിക്കോട് : കോവിഡില്‍ നിന്ന് കര കയറാന്‍ തുടങ്ങിയ ജില്ലയെ ഭീതിയിലാഴ്ത്തിയാണ് ഷിഗെല്ലാ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജില്ലയില്‍ ഇതിനോടകം അമ്പത് പേരിലാണ് ഷിഗെല്ലാ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കുട്ടികളെയാണ് മുതിര്‍ന്നവരേക്കാള്‍ രോഗം ബാധിക്കുന്നതെന്നതാണ് കൂടുതല്‍ ആശങ്കയ്ക്ക് കാരണമാകുന്നത്. ഇപ്പോള്‍ ഷിഗെല്ലാ രോഗവ്യാപനം എങ്ങനെയാണ് നടന്നതെന്നുള്ള പ്രാഥമിക പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ഷിഗെല്ലാ രോഗവ്യാപനമുണ്ടായതു വെള്ളത്തിലൂടെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ബാക്ടീരിയ എങ്ങനെ എത്തിയെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുണ്ടിക്കല്‍താഴം കൊട്ടാംപറമ്പിലെ ചോലയില്‍ വീട്ടില്‍ അദ്‌നാന്‍ ഷാഹുല്‍ ഹമീദ്(11) മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷിഗെല്ലാ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
ഛര്‍ദ്ദി, പനി, വയറിളക്കം, വിസര്‍ജ്ജ്യത്തില്‍ രക്തം എന്നിവയാണ് ഷിഗെല്ലായുടെ പ്രധാന രോഗ ലക്ഷണങ്ങള്‍. എല്ലാ ഷിഗെല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ഷിഗെല്ലാ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിനു ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. രണ്ടു ദിവസം മുതല്‍ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളൂ. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
Post Your Comments