KeralaLatest NewsNews

വാഗ്ദാനത്തിൽ കുഴങ്ങി എയർഇന്ത്യ; കരിപ്പൂർ വിമാന അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയിൽ

അപകടത്തില്‍ മരിച്ച പലരുടേയും കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിയനിലയിലാണ്.

കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയിൽ. അപകടത്തിൽ മരിച്ചവരുടെ കുടുബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുളള നഷ്ടപരിഹാരം പൂർണമായി നൽകാത്തതിനെ തുടർന്നാണ് എയർഇന്ത്യയ്‌ക്കെതിരെ പരാതി നൽകിയത്. ആദ്യഘട്ടത്തിൽ എയർഇന്ത്യ നൽകിയ 10 ലക്ഷം രൂപ മാത്രമാണ് ഇവര്‍ക്ക് കിട്ടിയത്. ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 7നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ അപകടത്തില്‍പ്പെട്ടത്. പൈലറ്റും സഹപൈലറ്റുമടക്കം 18 പേര്‍ മരിച്ചു. 172 പേർക്ക് പരിക്കേറ്റു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇടക്കാല സഹായം മാത്രമാണ് എയർഇന്ത്യ അധികൃതര്‍ ഇതുവരെ നല്‍കിയത്. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചികിത്സ ചെലവും നൽകി. എയർഇന്ത്യക്ക് ഇന്‍ഷുറന്‍സ് തുക മുഴുവനായി കിട്ടിയിട്ടും പിന്നീട് നല്‍കേണ്ട നഷ്ടപരിഹാരം അപകടത്തിന് ഇരയായവര്‍ക്ക് നല്‍കിയില്ലെന്നാണ് പരാതി. നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നൽകാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Read Also: നിയമസഭയ‌്ക്കായി ഒരുങ്ങിക്കൊള്ളൂ.. ബിജെപിയ‌്‌ക്ക് സംഘപരിവാര്‍ നിര്‍ദേശം

എന്നാൽ 1999ലെ ക്യാരേജ് ബൈ എയർക്രാഫ്റ്റ് ആക്ടിലെ റൂൾ 17ഉം20 ഉം പ്രകാരം അന്താരാഷ്ട്ര വിമാന അപകടത്തിൽപെടുന്ന ഓരോ യാത്രക്കാര്‍ക്കും 1,20,03,840 (ഒരു കോടി 20 ലക്ഷത്തി മുപ്പത്തി മൂവായിരത്തി എണ്ണൂറ്റി നാൽപ്പത് രൂപ) രൂപ നൽകണമെന്നാണ് ചട്ടം. ഈ തുക നൽകാതെ, കമ്പനി നിശ്ചയിച്ച തുക മാത്രമേ നൽകൂ എന്നാണ് എയർഇന്ത്യയുടെ നിലപാട്. ഇത് ചൂണ്ടിക്കാട്ടി കമ്പനി പലർക്കുമയച്ച നോട്ടീസ് പ്രകാരം അപകടത്തിൽപ്പെട്ടവർക്ക് നൽകുന്നത് തുച്ഛമായ തുക മാത്രമാണ്. അപകടത്തില്‍ മരിച്ച പലരുടേയും കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിയനിലയിലാണ്. പരിക്കേറ്റവരില്‍ പലരും ജോലി ചെയ്യാന്‍ കഴിയാതെയും ബുദ്ധിമുട്ടുന്നു. ഈ അവസ്ഥയില്‍ നഷ്ടപരിഹാരം കിട്ടാതെ മുന്നോട്ട് പോകാനാവില്ലെന്ന സ്ഥിതിയിലാണ് ഇവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button