Latest NewsNewsIndia

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം: ഡ്യൂട്ടിക്കെത്താത്ത ജീവനക്കാർക്ക് കമ്പനി പിരിച്ചുവിടൽ നോട്ടീസ് നൽകി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടികളുമായി എയർ ഇന്ത്യ എക്സ്പ്രസ്. തുടർച്ചയായ രണ്ടാം ദിവസവും ജീവനക്കാർ എത്താതിരുന്നതോടെ ഡ്യൂട്ടിക്കെത്താത്ത ജീവനക്കാർക്ക് കമ്പനി പിരിച്ചുവിടൽ നോട്ടീസ് നൽകി. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുന്നത്.

ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇന്ന് വൈകിട്ട് നാലിന് ചർച്ച നടക്കും. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്.

അതേസമയം, സമരക്കാർ ഇനിയും വഴങ്ങാതെ വന്നതോടെ എയർ ഇന്ത്യ എക്‌സ്പ്രസിലെ പ്രതിസന്ധി രൂക്ഷമാകുന്നു. സർവീസുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മുന്നറിയിപ്പില്ലാതെ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തതാണ് എയർ ഇന്ത്യ എക്സ്പ്രസിനെ പ്രതിസന്ധിയിലാക്കിയത്. ജീവനക്കാരുമായി ചർച്ച ചെയ്ത് ഉടൻ പ്രശ്നം പരിഹരിക്കും എന്ന് കമ്പനി അറിയിച്ചെങ്കിലും ജീവനക്കാർ സമരം പിൻവലിക്കാൻ തയ്യാറായിട്ടില്ല എന്നാണ് റിപ്പോർട്ട്.

ഇന്നും നിരവധി സർവീസുകളാണ് കമ്പനി റദ്ദാക്കിയത്.എയർഇന്ത്യ എക്‌സ്പ്രസിന്റെ ഇരുനൂറിലധികം കാബിൻ ജീവനക്കാർ കൂട്ടയവധിയെടുത്താണ് ടാറ്റാ ഗ്രൂപ്പിനെതിരേ അപ്രതീക്ഷിതമായി പ്രതിഷേധിച്ചത്. ഇതോടെ ചൊവ്വാഴ്ച രാത്രിമുതൽ നൂറിലധികം സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായിമാത്രം റദ്ദാക്കിയത് നാല്പതോളം സർവീസുകളാണ്.

കൊച്ചി, കോഴിക്കോട്, ഡൽഹി, ബെംഗളൂരു എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതിൽ ഡി.ജി.സി.എ. എയർഇന്ത്യ എക്‌സ്പ്രസിനോട് വിശദീകരണം തേടി. അതേസമയം, ജീവനക്കാർ കൂട്ടമായി സമരത്തിനിറങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ വെട്ടിക്കുറച്ചതായി കമ്പനി സി.ഇ.ഒ. അലോക് സിങ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button