ബെംഗളൂരു: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്. ബംഗളൂരു സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം ഒളിവിൽ പോയ ബിനീഷ് കോടിയേരിയുടെ കൂട്ടാളിയായ തളിപ്പറമ്പ് സ്വദേശി ഷബീലിനായുള്ള അന്വേഷണം എൻസിബി ഊർജ്ജിതമാക്കി.
കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് ഷബീൽ മുങ്ങിയത്. ഷബീലിന്റെ മംഗളൂരു മേൽവിലാസത്തിൽ ഡിസംബർ രണ്ടിന് എൻസിബി നോട്ടീസ് നൽകിയിരുന്നു. ഇയാൾ ഹാജരാകാഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ തളിപ്പറമ്പിൽ എത്തിയപ്പോഴാണ് മുങ്ങിയ വിവരം അറിഞ്ഞത്. എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചോദ്യം ചെയ്ത് ബിനീഷിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തുടർവാദം വരുന്ന തിങ്കളാഴ്ച തുടരും.
ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് നൽകിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ.
Post Your Comments