ബംഗളുരു : ബംഗളുരു മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ചോദ്യംചെയ്യുന്നതു തുടരുന്നു. ചൊവ്വാഴ്‌ച രാത്രി തുടങ്ങിയ ചോദ്യംചെയ്യല്‍ ഇന്നും തുടരും. ബംഗളുരു മേഖലാ ഓഫീസില്‍ മേഖലാ ഡയറക്‌ടര്‍ അമിത് ഗവാഡെയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ചോദ്യംചെയ്യല്‍ അറസ്‌റ്റിലേക്കും എത്തിയേക്കാം. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു സിവില്‍ കോടതി 24-ലേക്കു മാറ്റി.
ബിനീഷും പ്രധാന പ്രതിയായ അനൂപ് മുഹമ്മദും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ മറുപടി സത്യവാങ്‌മൂലത്തില്‍ ഇ.ഡി. നാളെ സമര്‍പ്പിക്കും. ഇതിനകം നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു. മലയാളസിനിമാമേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എന്‍.സി.ബി. ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പുറത്തിറങ്ങിയ സിനിമകളുടെ മുതല്‍മുടക്കിനെപ്പറ്റിയും അതിന്റെ മറവില്‍ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നതുമാണു അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ സിനിമാ നിര്‍മാണം മറയാക്കിയിട്ടുണ്ടെന്നാണു സംശയം.
ബിനീഷിന്റെ ബാങ്ക് അക്കൗണ്ട് വഴി വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ മലയാളികളായ നാലുപേരോടു ഹാജരാകാന്‍ ഇ.ഡി. ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ തയാറായിട്ടില്ല. ഇവര്‍ക്കെതിരേ അറസ്‌റ്റ് വാറന്റ് പരിഗണനയിലുണ്ട്.
Post Your Comments