തിരുവനന്തപുരം : യുഡിഎഫും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്ന സി പി എമ്മിന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി മുന്നിൽകണ്ടുകൊണ്ടുളള മുൻകൂർ ജാമ്യമെടുക്കലാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതുമുന്നണിയും ബിജെപിയും കൂടി യു ഡി എഫ് വൻ വിജയം നേടുമെന്ന് കണ്ടപ്പോൾ കളളപ്രചാരണങ്ങളും വർഗീയതുമായി ഇറങ്ങിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സ്വന്തം മുഖ്യമന്ത്രിയെ പോലും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇടതുമുന്നണിക്ക് ഉള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി.
പലയിടത്തും സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്നുപറഞ്ഞ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നവർ ബി ജെ പിയുടെണ് വോട്ട് നേടാനുളള പാലമായാണ് പ്രവർത്തിക്കുന്നത്. പാർട്ടി ചിഹ്നം പോലും തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് കൊടുക്കാൻ സി പി എം ഭയക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം മിണ്ടാൻ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ലാവ്ലിൻ കേസിൽ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വാ തുറക്കാത്തത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉണ്ടാകാൻ പോകുന്ന വൻ വിജയത്തിൽ സി പി എമ്മും ബി ജെ പിയും ഒരു പോലെ ആശങ്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments