തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കുള്ള തപാൽ വോട്ട് തുടങ്ങി. തിരുവനന്തപുരം ജില്ലയിലെ വോട്ടെടുപ്പാണ് തുടങ്ങിയത്. തിരുവനന്തപുരത്തിനൊപ്പം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്കുള്ള തപാൽ വോട്ടെടുപ്പും ഇന്ന് തന്നെ തുടങ്ങി.5,331 പേരെയാണ് ഇതുവരെ പ്രത്യേക വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രോഗികൾ താമസിക്കുന്ന വീടുകൾ, ആശുപത്രികൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവിടങ്ങളിൽ സ്പെഷൽ പോളിംഗ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
പിപിഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്. വോട്ടറും കിറ്റ് ധരിച്ചിരിക്കണം. ആളെ തിരിച്ചറിയാനാകുന്നില്ലെങ്കിൽ മുഖം കാണിക്കണമെന്ന് പോളിംഗ് ഓഫീസർക്ക് ആവശ്യപ്പെടാം. ഇവർ നൽകുന്ന ബാലറ്റ് പേപ്പറിൽ ഉദ്ദേശിക്കുന്ന സ്ഥാനാർഥിക്ക് നേരെ പേന ഉപയോഗിച്ച് ടിക്ക് മാർക്കോ ക്രോസ് മാർക്കോ ചെയ്ത് കവറിലിട്ട് ഒട്ടിച്ച് മടക്കി നൽകണമെന്നാണ് നിർദ്ദേശം.തപാലിൽ അയക്കേണ്ടവർക്ക് ആ രീതി സ്വീകരിക്കാം. ഇതിനുശേഷം ഓഫീസർ കൈപ്പറ്റിയ രസീത് നൽകും. അത് കൊണ്ട് തന്നെ സാധാരണ വോട്ടെടുപ്പ് പോലെ വോട്ടറുടെ വിരലിൽ മഷി പുരട്ടില്ല.
Post Your Comments