ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയായ ആര്‍എസ്പുര സെക്ടറില്‍ ഡ്രോണ്‍ പറക്കുന്നതായി സുരക്ഷാ സേന (ബിഎസ്എഫ്) കഴിഞ്ഞ ദിവസം കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രോണ്‍ പാകിസ്ഥാനിലേക്ക് തിരിച്ചു പോയതായും പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായും ബിഎസ്എഫ് പറഞ്ഞു. കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്‍ഡാര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം ഒരാഴ്ചയ്ക്ക് മുമ്പ് ഡ്രോണ്‍ പോലൊരു വസ്തു പറക്കുന്നത് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ കേരന്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ ആര്‍മി ക്വാഡ്കോപ്റ്റര്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടിരുന്നു. ഭീകരരെ ഇന്ത്യയിലേക്ക് കടത്തി വിടാന്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ഡ്രോണുകള്‍ ഉപയോഗിച്ച് അവര്‍ക്ക് ആയുധങ്ങള്‍ ഇട്ടു നല്‍കുന്നുണ്ടെന്നും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് അടുത്തിടെ പറഞ്ഞിരുന്നു.
സെപ്റ്റംബറില്‍ ജമ്മു കശ്മീരിലെ രാജൗരി ജില്ലയില്‍ പാകിസ്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങളും ഇന്ത്യന്‍ കറന്‍സിയില്‍ കുറച്ച് പണവും ഇട്ടിരുന്നു. ഈ വര്‍ഷം ജൂണില്‍ കതുവ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് പാകിസ്ഥാന്റെ സമാനമായ ശ്രമം പരാജയപ്പെടുത്തിയിരുന്നു. അത്യാധുനിക റൈഫിളും ചില ഗ്രനേഡുകളും വഹിച്ച പാകിസ്ഥാന്‍ ഡ്രോണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിടുകയായിരുന്നു.
Post Your Comments