കൊഹിമ: ഇത് സാധാരണക്കാരുടെ ഗ്രാമം. ഒരു ദിവസം നേരം വെളുത്തപ്പോള്‍ ഗ്രാമം നിറയെ വജ്രമുണ്ടെന്ന് എങ്ങിനെയോ വാര്‍ത്തകള്‍ പരന്നു. നിറയെ ‘വജ്ര ശേഖരം’ എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ഭരണകൂടം. നാഗാലാന്‍ഡിലെ മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള മോണ്‍ ജില്ലയിലെ വാഞ്ചിങ് എന്ന ഗ്രാമ പ്രദേശത്താണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലായതോടെയാണ് പുറംലോകം സംഭവം അറിയുന്നത്.
വലിയ ജനക്കൂട്ടം, വജ്രത്തിനായി ഒരു പ്രദേശം തപ്പിതിരയുന്ന വീഡിയോയും ചിത്രങ്ങളുമാണ് വൈറലായത്. ഇതോടെയാണ് പ്രദേശത്ത് വജ്രശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത പ്രചരിച്ചത്. കുന്നില്‍ നിന്ന് വജ്രം പോലുള്ള കല്ലുകള്‍ ഗ്രാമവാസികള്‍ കുഴിച്ചെടുത്തു. ഈ പ്രദേശത്ത് തമ്പടിച്ച് വിലയേറിയ ലോഹം കുഴിക്കാനുള്ള ശ്രമം ഗ്രാമവാസികള്‍ തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ ജനങ്ങളെ ഇപ്പോള്‍ ഖനനത്തില്‍ നിന്നും,കല്ലുകള്‍ ശേഖരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഗ്രാമീണ ഭരണ കൗണ്‍സില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇത്. ഗ്രാമത്തിന്റെ പുറത്തുനിന്നും ആളുകള്‍ വിവരം അറിഞ്ഞ് എത്തുന്നതും തടയാന്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം നവംബര്‍ 29ഓടെയാണ് ഗ്രാമത്തില്‍ എത്തുക അതുവരെയാണ് നിയന്ത്രണങ്ങള്‍.
അതേസമയം പ്രദേശത്ത് നിന്ന് വജ്രക്കല്ലുകള്‍ കണ്ടെത്തിയത് സംബന്ധിച്ച് നാഗാലാന്‍ഡ് ജിയോളജി വിഭാഗവും ഖനന വിഭാഗവും പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പഠനത്തിന് ശേഷം മാത്രമെ കല്ലുകള്‍ വജ്രമാണോ അതോ മറ്റെന്തെങ്കിലും ലോഹമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുവെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments