മലപ്പുറം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും വിവാഹാലോചന നടത്തി സ്വർണം തട്ടിയെടുക്കുന്ന കേസിലെ പ്രതി പിടിയില്‍. മേലാറ്റൂർ എടപ്പറ്റ സ്വദേശി മണവാളൻ റിയാസ് എന്ന മുഹമ്മദ് റിയാസ് ആണ് പെരിന്തൽമണ്ണ പൊലീസിന്‍റെ പിടിയിലായത്.
പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും ജോലിക്ക് പോകുന്ന പെൺകുട്ടികളുടെ വീടുകളിൽ ചെന്നാണ് പ്രതിയുടെ തട്ടിപ്പ്. വീടുകളിൽ ചെന്ന് വിവാഹ ആലോചന നടത്തി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുകയാണ് ഇയാളുടെ പതിവ്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെൺകുട്ടികളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വിവാഹം ആലോചിച്ച ശേഷം മൊബൈൽ ഫോണിലൂടെ സംസാരിച്ച് കൂടുതൽ അടുത്ത് ഇടപഴകും. പിന്നീട് ആഭരണം മാറ്റി പുതിയ ഫാഷൻ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെരിന്തൽമണ്ണ ടൗണിലേക്ക് സ്ത്രീകളെ വരുത്തി ആഭരണങ്ങളുമായി മുങ്ങുകയാണ് ഇയാളുടെ രീതി.
ഇത്തരത്തിൽ ലഭിക്കുന്ന പണം കൊണ്ട് മേലാറ്റൂരിൽ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു പ്രതി. ഇയാളെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് വലയിലാക്കിയത്. മറ്റ് പല സ്ഥലങ്ങളിലും പ്രതി സമാനരീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതി വില്‍പ്പന നടത്തിയ 7 പവന്‍ വരുന്ന സ്വർണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments