തൊടുപുഴ: തദ്ദേശതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ പാരവെയ്ക്കലും തമ്മില്‍ തല്ലും ഗ്രൂപ്പ് പോരിലുമാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. ഗ്രൂപ്പ് പോരിന്റെ പേരില്‍ അവസാന നിമിഷത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട മഹിള കോണ്‍ഗ്രസ് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.
അവസാന നിമിഷം വരെ സ്ഥാനാര്‍ഥിയാണെന്ന് ഉറപ്പു നല്‍കുകയും ഒരു വട്ടം പ്രചരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം പാര്‍ട്ടി ചിഹ്നം മറ്റൊരാള്‍ക്ക് നല്‍കി തന്നെ ഒഴിവാക്കിയതാണ് വേദനയ്ക്കിടയാക്കിയതെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമന്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.
തൊടുപുഴ നഗരസഭ 23-ാം വാര്‍ഡിലാണ് നിഷ സോമന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ പത്രിക നല്‍കിയിരുന്നത്. നിഷ സോമനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കെപിസിസി സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടെ തീരുമാനം.
ഇതനുസരിച്ച് ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനു കത്തും നല്‍കി. തുടര്‍ന്നു ഡിസിസി പ്രസിഡന്റ് നിഷയെ ഫോണില്‍ വിളിച്ച് ചിഹ്നം കൈപ്പറ്റണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
ഇതിനിടെയാണ് ചിഹ്നം മറ്റൊരാള്‍ക്കു നല്‍കിയതായി അവസാന നിമിഷം അറിയുന്നത്.മല്‍സരിക്കാന്‍ അനുമതി ലഭിച്ച നിഷ സോമന്‍ വാര്‍ഡില്‍ ഫ്‌ളക്‌സുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് പ്രചാരണം ആരംഭിച്ചിരുന്നു.
എന്നാല്‍ ഇന്നലെ വൈകുന്നേരം നോമിനേഷന്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിനു തൊട്ടുമുന്പാണ് കൈപ്പത്തി ചിഹ്നം വാര്‍ഡിലെ മറ്റൊരു സ്ഥാനാര്‍ഥിക്ക് നല്‍കിയതായി ഇവര്‍ അറിയുന്നത്. തുടര്‍ന്നു പത്രിക പിന്‍വലിക്കുകയും ചെയ്തു.
മികച്ച സംഘാടകയും വാഗ്മിയുമായ നിഷ സോമന്‍ കഴിഞ്ഞ തവണ നഗരസഭയില്‍ മല്‍സരിച്ചിരുന്നു. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് അന്ന് സീറ്റ് നല്‍കിയിരുന്നത്.
ഗ്രൂപ്പ് പോരിന്റെ പേരില്‍ മഹിള കാണ്‍ഗ്രസ് നേതാവിന് സീറ്റ് നിഷേധിച്ചത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിനു കാരണമായിട്ടുണ്ട്. കമന്റുകളില്‍ ഡിസിസിക്കെതിരേ രൂക്ഷ പ്രതികരണമാണ് പ്രവര്‍ത്തകര്‍ നടത്തുന്നത്.
Post Your Comments