തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന് അതൃപ്തി. സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദങ്ങളിലേക്ക് നിയമസഭയെ വലിച്ചിഴച്ചുവെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. ധനമന്ത്രിയുടെ നിരന്തരമുളള പ്രസ്താവനകള്‍ നിയമസഭയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്ന തോന്നലാണ് സ്പീക്കര്‍ക്കുള്ളത്. വിഷയത്തില്‍ സ്പീക്കര്‍ നിയമോപദേശം തേടുമെന്നാണ് അറിയുന്നത്. സ്‌പീക്കേഴ്‌സ് കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്താണ് നിലവില്‍ സ്‌പീക്കറുളളത്.
അടുത്ത ആഴ്‌ചയോടെ മാത്രമേ സ്‌പീക്കര്‍ കേരളത്തിലേക്ക് മടങ്ങിയെത്തുകയുളളൂ. അതുകൊണ്ട് സ്‌പീക്കറെ ധനമന്ത്രി നേരിട്ട് കാണുന്നുവെങ്കില്‍ അത് ഒരാഴ്‌ച കൂടി വൈകും.സി എ ജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ‌്ക്കും വരെ രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കേണ്ട രേഖയാണ്. അത് രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കാന്‍ ബാദ്ധ്യസ്ഥനായ ആളാണ് ധനമന്ത്രി.
എന്നാല്‍ ധനമന്ത്രി തന്നെ മാദ്ധ്യമങ്ങളിലൂടെ സി എ ജി റിപ്പോര്‍ട്ടിന്റെ ഉളളടക്കം വെളിപ്പെടുത്തി. ആദ്യം കരട് റിപ്പോര്‍ട്ടാണ് എന്ന് അവകാശപ്പെട്ടെങ്കിലും പിന്നീട് അന്തിമ റിപ്പോര്‍ട്ടാണെന്ന് ധനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. സ്വഭാവികമായും അവകാശലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ് ഇക്കാര്യം.
ധനമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനുളള സാദ്ധ്യതയാണ് നിലവില്‍ കാണുന്നത്. അവകാശലംഘനമെന്ന പ്രതിപക്ഷ വാദം സ്പീക്കര്‍ അംഗീകരിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകും. ധനമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. ധനമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസില്‍ നിയമോപദേശം തേടാനും സാദ്ധ്യതയുണ്ട്.
Post Your Comments