തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യം യുഡിഎഫ് മുന്നോട്ട് വെച്ചിട്ടില്ലെന്ന് കൺവീനർ എംഎം ഹസൻ. അഴിമതിക്കേസിൽ രണ്ട് എം.എൽ.എമാർ അറസ്റ്റിലായതുകൊണ്ടല്ല മുദ്രാവാക്യം പ്രകടനപത്രികയിൽ നിന്ന് മാറ്റിയതെന്നും എം എം ഹസ്സൻ പറഞ്ഞു.
കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയാണ് ‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യം തിരഞ്ഞെടുത്തിരുന്നത്. അതിനാലാണ് യുഡിഎഫ് പ്രകടനപത്രികയിലെ മുദ്രാവാക്യം മറ്റൊന്നായതെന്നും ഹസ്സൻ വ്യക്തമാക്കി. അഴിമതിക്കെതിരെ ഒരു വോട്ടെന്ന കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എം.ഹസന്റെ പ്രതികരണം.
കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേർന്നപ്പോഴാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഴിമതിക്കെതിരായി ഒരു വോട്ടാണ് ജനങ്ങളോട് ചോദിക്കുന്നത് എന്ന് പറഞ്ഞത്. അത് യുഡിഎഫ് ആവർത്തിക്കുകയായിരുന്നു. എന്നാൽ തദ്ദേശ സ്ഥാപനങ്ങളിലെക്ക് നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ വികസനം ലക്ഷ്യമാക്കുന്ന ‘പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും’ എന്നതാണ് യുഡിഎഫിന്റെ മുദ്രാവാക്യമെന്നും ഹസ്സൻ പറഞ്ഞു.
Post Your Comments