
തിരുവനന്തപുരം: സര്‍ക്കാരും സിപിഎമ്മുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്നു ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ് മുസ്ലിം ലീഗ് എംഎൽഎ ഇബ്രാംഹിം കുഞ്ഞിന്റെ അറസ്റ്റ് എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിക്കുന്നു.
ഒരു അഴിമതിയേയും ന്യായീകരിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. ഇബ്രാംഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോട് കൂടിയാണ്. മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി വിജിലന്‍സ് അധ:പതിച്ചിരിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
പാലാരിവട്ടം പാലം നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനി ഗുരുതര വീഴ്ചവരുത്തിയെന്ന് കണ്ടിട്ടും എന്തുകൊണ്ട് ആ കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയില്ല. മാത്രമല്ല ഇടതു സര്‍ക്കാര്‍ തുടര്‍ന്ന് ആയിരം കോടിയിലധികം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതേ കമ്പനിക്ക് നല്‍കുകയും ചെയ്തു. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും സിബിഐ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തി ഗുരുതരമായ മറ്റ് അഴിമതികളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം കേരളീയ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറയുകയുണ്ടായി.
Post Your Comments