തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസിൽ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണോ വിജിലന്‍സ് അന്വേഷണം ത്വരിതഗതിയിലാക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.ബി.ഐ ഈ കേസ് അന്വേഷിച്ചാല്‍ സത്യങ്ങള്‍ ഓരോന്നായി പുറത്തു വരുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്‌നയും സംഘവും മൂന്നര കോടിയില്‍ അധികം തുക കമ്മീഷനായി കൈപ്പറ്റിയെന്നും കള്ളപ്പണക്കാരുടെ സഹായത്തോടെ പണം സ്വീകരിച്ചു എന്നുമുള്ള സി.ബി.ഐയുടെ ഹൈക്കോടതിയിലെ വെളിപ്പെടുത്തല്‍ ഗുരുതര സ്വഭാവമുള്ളതാണ്. കമ്മീഷന്‍ ഇടപാട് സ്ഥീരികരിച്ചത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ധനമന്ത്രിയുമാണ്.
സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കേരള സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. കൂടാതെ ലൈഫ് മിഷന്‍ ഇടപാടിലെ സുപ്രധാന രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും അസമയത്തെത്തി വിജിലന്‍സ് കടത്തിക്കൊണ്ടു പോകുകയും ചെയ്‌തിരുന്നു. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ വിജിലന്‍സ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനും കേസ് തേച്ചുമാച്ചു കളയാനുമുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments