ചെന്നൈ : പ്രമുഖ നേത്ര ചികിത്സാ ആശുപത്രി ശൃംഖലയായ വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകൻ എ.എം. അരുണിനെ (51) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെഞ്ചുവേദനയെ തുടർന്നാണ് അരുണിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്ന് ഒമാണ്ടുറാർ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇതേതുടർന്നാണ് ദുരൂഹമരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മൃതദേഹം ചെന്നൈ ഓമൻദുരർ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.
ട്രിച്ചിയിലെ തന്റെ കുടുംബ മെഡിക്കൽ ഷോപ്പ് ഏറ്റെടുത്തുകൊണ്ടാണ് അരുൺ ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. തുടർന്ന് ഐ കെയർ ആശുപത്രി തുടങ്ങി. ഇന്ന് രാജ്യത്തുടനീളെ നൂറ് ശാഖകലാണ് വാസൻ ഐ കെയർ ഹോസ്പിറ്റലിന് കീഴിലുള്ളത്. 600 നേത്രരോഗവിദഗ്ദ്ധരും 6,000 ജീവനക്കാരുമാണ് ഈ ശൃംഖലയിൽ ജോലി ചെയ്യുന്നത്. എന്നാൽ 2017ൽ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് വാസൻ ആശുപത്രികളിൽ ആദായ നികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കേസിൽ മദ്രാസ് മെട്രോപ്പൊലിറ്റിൻ മജിസ്‌ട്രേറ്റ് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.
Post Your Comments