CricketLatest NewsNewsSports

ഹിന്ദു ചടങ്ങില്‍ പങ്കെടുത്തതിനെച്ചൊല്ലി ഭീഷണി, പരസ്യമായി മാപ്പ് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന്‍ ; മറ്റ് മതങ്ങളുടെ ചടങ്ങുകളില്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് ഇസ്ലാമിക പ്രസംഗകര്‍

ഇന്ത്യയില്‍ നടന്ന ഒരു ഹിന്ദു ചടങ്ങില്‍ പങ്കെടുത്തതിന് ഇസ്ലാമിക ഭീഷണികള്‍ വന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന്‍ പരസ്യമായി മാപ്പ് പറയാന്‍ നിര്‍ബന്ധിതനായി. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിനെതിരെ കഴിഞ്ഞ ആഴ്ചകളില്‍ വന്‍തോതില്‍ ഫ്രാന്‍സ് വിരുദ്ധ റാലികള്‍ നടത്തിയ ഇസ്ലാമിസ്റ്റുകളുടെ ഏറ്റവും പുതിയ ലക്ഷ്യമാണ് രാജ്യത്തിന്റെ പ്രശസ്ത ഓള്‍റൗണ്ടര്‍.

കൊല്‍ക്കത്തയില്‍ നടന്ന ഒരു ഹിന്ദു ദേവതയ്ക്കായി സമര്‍പ്പിച്ച ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ സോഷ്യല്‍മീഡിയ ഇത് വലിയ ചര്‍ച്ചയാക്കി. തൊട്ടുപിന്നാലെ സംഭവം വന്‍ വിവാദമാവുകയായിരുന്നു. മറ്റ് മതങ്ങളുടെ ചടങ്ങുകളില്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് ബംഗ്ലാദേശിലെ ഇസ്ലാമിക പ്രസംഗകര്‍ പറയുന്നു.

”ഞാന്‍ വെറും രണ്ട് മിനിറ്റ് മാത്രമെ വേദിയിലുണ്ടായിരുന്നൊള്ളൂ. എന്നാല്‍ ഞാന്‍ അത് ഉദ്ഘാടനം ചെയ്തുവെന്ന് കരുതി ആളുകള്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നു,” ഷാക്കിബ് പറഞ്ഞു. ‘ഞാന്‍ അങ്ങനെ ചെയ്തില്ല, ബോധമുള്ള ഒരു മുസ്ലീം ആയതിനാല്‍ ഞാന്‍ ഇത് ചെയ്യില്ല. പക്ഷേ, ഞാന്‍ അവിടെ പോകേണ്ടതില്ലായിരുന്നു. ഇതില്‍ ഞാന്‍ ഖേദിക്കുന്നു, ക്ഷമ ചോദിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

”ഒരു മുസ്ലീമെന്ന നിലയില്‍ ഞാന്‍ എല്ലായ്‌പ്പോഴും മതപരമായ ആചാരങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുന്നു. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കൂ,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”മതവികാരം വ്രണപ്പെടുത്തുന്നു” എന്ന് ആരോപിച്ച് ഒരു വ്യക്തി തനിക്കെതിരെ ഫേസ്ബുക്ക് ലൈവില്‍ വ്യക്തിപരമായി ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ഷാക്കിബ് പ്രതികരണവുമായി രംഗത്തെത്തിയത്.. ഇയാള്‍ പിന്നീട് മാപ്പ് ചോദിച്ച് ഒളിവില്‍ പോയെങ്കിലും വടക്കുകിഴക്കന്‍ ജില്ലയായ സുനാംഗഞ്ചില്‍ ചൊവ്വാഴ്ച അറസ്റ്റിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button