ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. എല്ലായ്പ്പോഴും അദ്ധ്യാപകന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന, എന്നാല്‍ ആ വിഷയത്തില്‍ യാതൊരു താത്പര്യമോ അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ത്ഥിയെ പോലെയാണെന്നാണ് രാഹുലിനെ ഒബാമ വിശേഷിപ്പിച്ചത്.
തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വിവരിക്കുന്ന ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തിലാണ് രാഹുലിനെ കുറിച്ചുള്ള പരാമര്‍ശം. ഒബാമയുടേത് പ്രാകൃതമായ പരാമര്‍ശമാണെന്ന് കോണ്‍ഗ്രസ് ലോക്സഭ നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഒബാമയ്ക്കെതിരെ രംഗത്തെത്തിയത്.
‘പ്രാകൃതമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുന്‍പ് ആനുകാലിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുമായി നേരിട്ടോ വെര്‍ച്വലായോ സംവദിക്കണം. രാഹുലിന്റെ സവിശേഷതകള്‍ അപ്പോള്‍ മനസിലാകും’. ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
തങ്ങളുടെ നേതാവായ രാഹുലിനെ വിലയിരുത്തുന്നതിന് മുന്‍പ് ഒബാമ രണ്ട് തവണ ചിന്തിക്കണമായിരുന്നു. അല്ലെങ്കില്‍ അവഗണനയുടെ ലോകത്താകും ഒബാമയുടെ സ്ഥാനമെന്ന് ചൗധരി പറഞ്ഞു. കൃത്രിമമായ പ്രകാശം കാണുമ്പോള്‍ ആശയക്കുഴപ്പത്തിലാകരുതെന്നും പൊട്ടക്കിണറ്റിലെ തവളയുടെ മാനസികാവസ്ഥ ഒബാമ ഒഴിവാക്കണമെന്നും ആധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു.
Post Your Comments