പാറ്റ്‌ന : നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ പരാജയത്തെച്ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി കോൺഗ്രസ് നേതാക്കൾ. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സദ്ഭാവന ഭവനിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിക്കൊപ്പം സഖ്യം ചേർന്ന് മത്സരിച്ച കോൺഗ്രസിന് വെറും 19 സീറ്റുകളാണ് ലഭിച്ചത്.
ആകെ 70 സീറ്റുകളിലേക്കാണ് കോൺഗ്രസ് മത്സരിച്ചത്.സംസ്ഥാനത്തെ എംഎൽഎമാരുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. ബീഹാർ കോൺഗ്രസ് അദ്ധ്യക്ഷൻ മദൻ മോഹൻ ഝായുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. യോഗത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും പങ്കെടുത്തിരുന്നു. ബീഹാറിലെ കോൺഗ്രസ് എംഎൽഎമാരെ ആര് പ്രതിനിധീകരിക്കുമെന്നതായിരുന്നു പ്രധാന ചർച്ച വിഷയം.
ചർച്ചയ്ക്കിടെ മഹാരാജ്ഗഞ്ച് എംഎൽഎ വിജയ് ശങ്കർ ദുബെയും, എംഎൽഎ വിക്രം സിദ്ധാർഥും തമ്മിൽ വാഗ്വാദം ആരംഭിച്ചു. ഇരുവരെയും പിന്തുണച്ച് മറ്റ് പ്രവർത്തകർ കൂടി രംഗത്ത് എത്തിയതോടെ അന്തരീക്ഷം വഷളായി. ഇതിനിടെ സിദ്ധാർത്ഥിനെ പിന്തുണയ്ക്കുന്നവർ വിജയ് ശങ്കർ ദുബെയെ കളളനെന്ന് വിളിച്ചതോടെയാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ എത്തിയത്. തടയാൻ എത്തിയ മോഹൻ ഝയ്ക്കും, ഭൂപേഷ് ബാഗെലിനും മർദ്ദനമേറ്റതായാണ് വിവരം.
Post Your Comments