പട്ന: തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഇതു തന്റെ അവസാന തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായി മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.
കഴിഞ്ഞ 15 വര്‍ഷമായി ബീഹാര്‍ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം അവസാനിച്ച ദിവസം പുര്‍ണിയില്‍ നടന്ന റാലിയിലായിരുന്നു നിതീഷ് കുമാറിന്റെ ‘അവസാന തിരഞ്ഞെടുപ്പ്’ പ്രസ്താവന.നിതീഷിന്റെ പ്രസ്താവന വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് പരാജയം മുന്‍കൂട്ടി കണ്ടാണെന്നായിരുന്നു എതിരാളികളുടെ പ്രചാരണം.
‘ഞാന്‍ പറഞ്ഞത് നിങ്ങള്‍ തെറ്റായിട്ടാണ് മനസിലാക്കിയത്. എല്ലാ തിരഞ്ഞെടുപ്പിലും അവസാന റാലികളില്‍ ഞാനത് പറയാറുണ്ട്. അവസാനം നന്നായാല്‍ എല്ലാം നന്നായെന്ന്. അവസാന തിരഞ്ഞെടുപ്പ് എന്ന വാചകത്തിന് മുമ്പും ശേഷവും ഞാന്‍ എന്താണ് പറഞ്ഞതെന്നും കേട്ടാല്‍ നിങ്ങള്‍ക്ക് കാര്യം മനസിലാകും. നിങ്ങള്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുമായിരുന്നില്ല.’ നിതീഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍ നിതീഷ് കുമാറിന്റെ പ്രസ്താവന അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചതോടെ പാര്‍ട്ടിക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഈ തിരഞ്ഞെടുപ്പിലെ അവസാന യോഗമെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന്പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments