Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ബിജെപിയെ ഇനി ശോഭ സുരേന്ദ്രന്‍ നയിക്കും; നിർദ്ദേശവുമായി ആര്‍എസ്‌എസ്

എന്‍ഡിഎയെ ശക്തിപ്പെടുത്താനാണ് സുരേന്ദ്രന്റെ ആലോചന. മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ക്ക് എന്‍ഡിഎയുടെ ചുമതല നല്‍കും.

കോഴിക്കോട്: വരുന്ന തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ ശോഭ സുരേന്ദ്രന്‍ നയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശോഭ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്, പാര്‍ട്ടിയില്‍ വിഭാഗിയതയുണ്ടെന്നുള്ളത് മാധ്യമസൃഷ്ടിയാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശോഭാ സുരേന്ദ്രനെ പാര്‍ട്ടി കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുമെ്ന്നാണ് സൂചന. എന്നാൽ അതിന് ശേഷവും പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ശോഭയെ ബിജെപി അംഗീകരിക്കില്ല. ആര്‍എസ്‌എസ് നിര്‍ദ്ദേശ പ്രകാരമാണ് സുരേന്ദ്രന്‍ അനുനയ നീക്കവുമായി പരസ്യമായി രംഗത്ത് വരുന്നത്.

കെ സുരേന്ദ്രന്റെ വാക്കുകൾ ..’ശോഭ സുരേന്ദ്രന്‍ ബിജെപിയിലെ ഏറ്റവും കരുത്തയായ വനിതാനേതാവാണ്. അവര്‍ എങ്ങോട്ടും പോകുന്നില്ല. ഞങ്ങള്‍ ഒരു കുടുംബമാണ്. ആ കുടുംബത്തില്‍ ആളുകള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകും. പക്ഷെ മാധ്യമങ്ങള്‍ പറയുന്നത് പോലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കമല്ല. അങ്ങനെ ഒരു സംഭവമേയില്ല. ശോഭ സുരേന്ദ്രന്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ മുന്നില്‍ നിന്ന് നയിക്കും. നിരാശരാവുക മാധ്യമങ്ങളും എതിരാളികളുമായിരിക്കും’, സുരേന്ദ്രന്‍ പറഞ്ഞു.

എന്നാൽ ഒത്തുതീര്‍പ്പിന് താന്‍ തയ്യാറണെന്ന സൂചനയാണ് സുരേന്ദ്രന്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം മിസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുമായി ശോഭാ സുരേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷം ചിലത് പറയാനുണ്ടെന്നും അത് വെളിപ്പെടുത്തുമെന്നും ശോഭ പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് സുരേന്ദ്രന്റെ അനുനയ നീക്കം. സുരേന്ദ്രനെതിരെ ശോഭ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. ഇക്കാര്യത്തില്‍ വിശദമായ മറുപടി സുരേന്ദ്രനും കേന്ദ്ര നേതൃത്വത്തിന് നല്‍കി. ശോഭയ്‌ക്കെതിരായ വിശദ റിപ്പോര്‍ട്ടാണ് ഇത്. തദ്ദേശത്തില്‍ ജയിക്കാന്‍ തല്‍കാലം വിഭാഗിയത പരസ്യമാക്കരുതെന്ന നിര്‍ദ്ദേശം ആര്‍എസ്‌എസ് ഇതിനിടെ സുരേന്ദ്രന് നല്‍കി. ഇതിന്റെ ഭാഗമാണ് ശോഭയെ പിന്തുണയ്ക്കുന്ന പ്രസ്താവന. കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ബദലാകാനാണ് ബിജെപിയുടെ ശ്രമം. ഇതിന് ശോഭാ സുരേന്ദ്രന്റെ പ്രശ്‌നമൊരു തടസ്സമാകരുതെന്നാണ് ആര്‍എസ്‌എസ് നിലപാട്.

Read Also: റെയ്ഡ് തടഞ്ഞ് ബന്ധുക്കള്‍; ഒടുവില്‍ ബിനീഷ് ജയിലിലേക്ക്

കോണ്‍ഗ്രസിനേയും സുരേന്ദ്രന്‍ കടന്നാക്രമിക്കുന്നുണ്ട്. യു.ഡി.എഫിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് അവരുടേത്. രമേശ് ചെന്നിത്തലയ്ക്കുള്ള വിശ്വാസ്യതയേക്കാള്‍ ആയിരം മടങ്ങാണ് ജനങ്ങള്‍ക്കിടയില്‍ ബിജെപിക്കുള്ള വിശ്വാസ്യത. അതിന് കാരണം ഞങ്ങള്‍ എടുക്കുന്ന ഉറച്ച നിലപാടുകളാണ്. രമേശ് ചെന്നിത്തല പകല്‍ ഒന്ന് പറയും, വൈകിട്ട് അഡ്ജസ്റ്റ് ചെയ്യും’, കെ.സുരേന്ദ്രന്‍ ആരോപിച്ചു. എന്‍ഡിഎയെ ശക്തിപ്പെടുത്താനാണ് സുരേന്ദ്രന്റെ ആലോചന. മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ക്ക് എന്‍ഡിഎയുടെ ചുമതല നല്‍കും.

മാധ്യമങ്ങളോട് നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും അതെല്ലാ പിന്നെ പറയാമെന്നും ശോഭ സുരേന്ദ്രന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും മിസോറാം ഗവര്‍ണറുമായ പിഎസ് ശ്രീധരന്‍ പിള്ളയുമായി അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. ഇന്ന് ഉച്ചയ്ക്കാണ് ശോഭ സുരേന്ദ്രന്‍ ശ്രീധരന്‍ പിള്ളയെ കാണുന്നതിനായി കോഴിക്കോടെത്തിയത്. സംസ്ഥാനത്തെ ബിജെപിയില്‍ വിഭാഗീയത രൂക്ഷമായിരിക്കുന്ന ഈ ഘട്ടത്തില്‍ ശോഭസുരേന്ദ്രനും പിഎസ് ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചക്കൊടുവിലാണ് ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്നും ശോഭ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സ്ഥാനമോഹി ആയിരുന്നെങ്കില്‍ ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കില്ലായിരുന്നു. സംസ്ഥാനത്ത് ബിജെപിക്ക് ഒരു വാര്‍ഡ് മെമ്ബര്‍ പോലുമില്ലാത്ത കാലത്താണ് ഞാന്‍ ബിജെപിയില്‍ വന്നത്. അതു കൊണ്ട് തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ തനിക്ക് സങ്കടമില്ല. നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനുണ്ട്. അവ വിശദമായി പിന്നീടൊരിക്കല്‍ പറയാമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button