കൊച്ചി: ആരും സനല്‍ ശശിധര്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കരുത്, കൂട്ടുകാരിയുടെ സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ സന്ധ്യ നടത്തിയ കരള്‍ദാനത്തെ ദുരൂഹതയുടെ നിഴലില്‍ ആക്കരുത. സനല്‍ ശശിധരന്‍ പറയുന്നത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യമെന്ന് ആസ്റ്റര്‍ മെഡിസിറ്റി . ബന്ധുവായ സന്ധ്യയുടെ മരണവുമായി ബന്ധപ്പെട്ട് സനല്‍കുമാര്‍ ശശിധരന്‍ ഇട്ട എഫ്ബി പോസ്റ്റില്‍ 2018-ല്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ രോഗിക്ക് സന്ധ്യ തന്റെ കരള്‍ ദാനം ചെയ്തതിനെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ എഫ്ബി പോസ്റ്റ് ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വാര്‍ത്താസമ്മേളനം.
കോവിഡ് ബാധിച്ചാണ് സന്ധ്യയുടെ മരണമെന്നാണ് മനസിലാക്കുന്നത്. അതില്‍ ദുഃഖമുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് സന്ധ്യ 2018-ല്‍ സ്വന്തം ഇഷ്ടപ്രകാരം തന്റെ കൂട്ടുകാരിയുടെ സഹോദരന്റെ ജീവന്‍ രക്ഷിക്കാനായി നടത്തിയ കരള്‍ദാനത്തെ ദുരൂഹതയുടെ നിഴലില്‍ നിര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ നിയമപരമായ അനുമതിയും ലഭിച്ചതിന് ശേഷമാണ് സന്ധ്യ കരള്‍ ദാനം നടത്തിയത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന സന്ധ്യയുടെ വാക്കുകള്‍ ഒപ്പമുണ്ടായിരുന്ന അമൃത ആശുപത്രിയില്‍ നേഴ്‌സായ അവരുടെ മകള്‍ പിന്താങ്ങുകയും ചെയ്തതാണ്.
ആരോഗ്യവുമായി ബന്ധപ്പെട്ട ചോദ്യാവലി പൂരിപ്പിക്കല്‍, സാമൂഹ്യസേവകര്‍, ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍, സൈക്യാട്രിസ്റ്റ്, വൃക്കരോഗ വിദഗ്ധന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച, കുടുംബാംഗങ്ങളുമായുള്ള ഡോക്ടര്‍മാരുടെ കൂടിക്കാഴ്ച, ദാതാവിന്റെ രക്ത പരിശോധന, സിടി സ്‌കാന്‍, ഇക്കോ ടെസ്റ്റ്, ടിഎംടി, ലിവര്‍ ബയോപ്‌സി, പൂര്‍വകാല ആരോഗ്യരേഖകളുടെ പരിശോധന തുടങ്ങി അവയവദാനവുമായി ബന്ധപ്പെട്ട് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് 2018 ഒക്ടോബര്‍ 29-ന് സന്ധ്യയുടെ ശസ്ത്രക്രിയ നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഓതറൈസേഷന്‍ കമ്മിറ്റിയുടെ നിയമപരമായ അനുമതിയും മറ്റ് അവയവദാന ശസ്ത്രക്രിയയില്‍ എന്നത് പോലെ സന്ധ്യയുടെ കരള്‍ദാന ശസ്ത്രക്രിയയിലും ലഭിച്ചിരുന്നു.
ഇതിന് പുറമേ സന്ധ്യയുടെ സ്ഥലം എംഎല്‍എ, ഡിവൈഎസ്പി, വില്ലേജ് അംഗം എന്നിവരുടെ കത്തുകള്‍, കരള്‍ദാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടെന്നും അവയവദാനത്തിന് പകരമായി പണം സ്വീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് അറിയാമെന്നും വ്യക്തമാക്കുന്ന ദാതാവിന്റെയും മകളുടെയും ബന്ധുവിന്റെയും സത്യവാങ്മൂലം, സ്‌കൂള്‍ പ്രധാനാധ്യാപികയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജോലി ചെയ്യുന്ന സ്ഥലത്തെ മേലധികാരിയുടെ ടെലിഫോണിലൂടെയുള്ള സ്ഥിരീകരണം, അവയവമാറ്റ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ നിയമപരമായ രേഖകള്‍, ദാതാവുമായുള്ള അഭിമുഖത്തിന് ശേഷം സ്റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതിപത്രം തുടങ്ങി എല്ലാ രേഖകളും കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് മുമ്പ് ശേഖരിച്ചിരുന്നു. നവംബര്‍ 6-ന് ആശുപത്രി വിട്ടതിന് ശേഷം രണ്ട് തവണ തുടര്‍ പരിശോധനകള്‍ക്കായി എത്തിയ സന്ധ്യ പൂര്‍ണമായി സുഖം പ്രാപിച്ചിരുന്നു.
കരള്‍ദാനത്തിന് സന്ധ്യ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന സനല്‍കുമാര്‍ ശശിധരന്റെ ആരോപണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നും ഞങ്ങള്‍ അത്തരം ഒരു കാര്യത്തിലും ഭാഗഭാക്കായിരുന്നില്ലെന്നും വ്യക്തമാക്കുന്നു. ഇത്തരം ആരോപണങ്ങള്‍ അവയവദാനം എന്ന മഹത്തായ പ്രവര്‍ത്തിയെയാണ് പ്രതികൂലമായി ബാധിക്കുകയെന്നും ഇത് അവയവം കാത്ത് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന നിരവധി രോഗികളുടെ ജീവിതം ദുരിതത്തിലാക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. സന്ധ്യയുടെ കരള്‍ദാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അത് ദൂരീകരിക്കാന്‍ ഏത് അന്വേഷണത്തെയും ആസ്റ്റര്‍ മെഡ്‌സിറ്റി സ്വാഗതം ചെയ്യുമെന്നും അറിയിക്കുന്നു.
Post Your Comments