ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ ഇടത്പക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ബംഗാൾ നടന്ന വഴിയേ കേരളവും നടക്കുമെന്ന് അദ്ദേഹം പറയുന്നു. തെറ്റിനെ തെറ്റെന്നു പറയാനും തിരുത്താനും പ്രസ്ഥാനത്തെ ശരിയായ ദിശയിലേക്കു നയിക്കാനും തയാറാകാത്ത ഇടതുപക്ഷത്തെ സാംസ്കാരിക സഹയാത്രികരും അന്ധരായ അണികളുമാണ് വരാനിരിക്കുന്ന വിപത്തിന്റെ ഉത്തരവാദികളെന്നാണ് സനൽ കുമാർ പറയുന്നത്.
സനൽ കുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ സമയത്ത്, അഴിമതിയിൽ സർവത്ര മുങ്ങി നിന്നിരുന്ന പിണറായി സർക്കാരിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബിജെപി കരുനീക്കം നടത്തുമെന്നു ഞാൻ എഴുതിയിരുന്നു. ദുഷിച്ചുപോയ ഭരണകൂടത്തിന് കൂടുതൽ ദുഷിക്കാൻ അവസരം നൽകുകവഴി സിപിഎം നോട് ജനങ്ങളിൽ വെറുപ്പുണ്ടാക്കുകയും അധികാരത്തിൽ നിന്ന് പുറത്തുനിൽക്കുന്ന കോൺഗ്രസ്സ് പാർട്ടിക്ക് ശക്തമായ ഒരു പ്രതിപക്ഷമാവാനുള്ള ദൗർബല്യത്തെ മുതലെടുത്തുകൊണ്ട് ജനങ്ങളുടെ മുന്നിൽ ഒരു രക്ഷക പരിവേഷത്തിൽ അവതരിക്കുകയുമാണ് അവരുടെ രാഷ്ട്രീയ തന്ത്രം എന്നും എഴുതിയിരുന്നു.
എന്റെ നിഗമനങ്ങൾ ശരിവെച്ചുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരുന്ന ഗൗരവതരമായ അന്വേഷണങ്ങളൊന്നും ഇലക്ഷൻ സമയത്ത് മുന്നോട്ടു പോയില്ല എന്നത് നാം കണ്ടു. എന്ന് മാത്രമല്ല കഴിഞ്ഞ ഇലക്ഷൻ സമയത്തു തന്നെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ നടന്നിരുന്ന ഇഡി അന്വേഷണത്തെ ഇത്രകാലം ബിജെപി ജനങ്ങളിൽ നിന്നും മറച്ചു വെച്ചിരുന്നു എന്നും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. അത്തരത്തിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള കൈത്താങ്ങുകൊണ്ട് സിപിഎം പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തിൽ അവർ അധികാരത്തിൽ മടങ്ങിവന്നു. അതേസമയം ഏതു സമയത്തും തൊടുക്കാവുന്ന ബ്രഹ്‌മാസ്ത്രം പോലെ ഇടയ്ക്കിടെ എടുത്തുയർത്തി ഭീഷണിപ്പെടുത്താനുള്ള സാധ്യത അവശേഷിപ്പിച്ചുകൊണ്ട് കേന്ദ്ര അന്വേഷണങ്ങൾ ഒന്നും തന്നെ ഇനിയും അവസാനിപ്പിക്കുകയോ പുതുതായി ആരംഭിച്ചവ മുന്നോട്ട് കൊണ്ടുപോവുകയോ ചെയ്തിട്ടില്ല എന്നതും കാണുക.
എന്നാൽ ബിജെപിയുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് വൈകിയാണെങ്കിലും കോൺഗ്രസിന്റെ യുവജന പ്രസ്ഥാനങ്ങൾ ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ട് ജനശ്രദ്ധയിലേക്ക് വരികയും ബിജെപിക്ക് ചെറിയതോതിൽ പോലും ഒരു പ്രതിപക്ഷ പ്രതീക്ഷയാകാൻ കഴിയാതെ വരികയും ചെയ്തു. എങ്കിലും ബിജെപിയുടെ തന്ത്രം പൂർണമായും പരാജയപ്പെട്ടില്ല എന്ന് മനസിലാക്കണം . സിപിഎമ്മിന്റെ സംഘടനാ ശക്തിയോ കോൺഗ്രസ്സ് പാർട്ടിയുടെ ജനകീയ അടിത്തറയോ ഇല്ലെങ്കിലും പിസി ജോർജ്, പത്മജ വേണുഗോപാൽ എന്നിങ്ങനെ ചെറിയ സർക്കസുകൾ കൃത്യമായ ഇടവേളകളിൽ അവതരിപ്പിച്ചുകൊണ്ട് കേരളത്തിലെ ഇലക്ഷൻ ചർച്ചകളെ തങ്ങളിലേക്ക് പൂർണമായും തിരിച്ചുവിടാൻ ബിജെപിക്ക് ഇപ്പോൾ കഴിയുന്നു എന്നത് അതിന്റെ ഏറ്റവും നല്ല തെളിവാണ്. മോദിയുടെ ഗ്യാരന്റി എന്ന് നീട്ടിവെച്ചിട്ടുള്ള പൊയ്ക്കാൽ* കണ്ട് പതിറ്റാണ്ടുകളായി ഇടതുകാലിലെ ചെളി വലതു കാലിലും, വലതുകാലിലെ ചെളി ഇടതുകാലിലും ആശയക്കുഴപ്പമില്ലാതെ തേയ്ച്ചുകൊണ്ടിരുന്ന മലയാളിയുടെ തെരഞ്ഞെടുപ്പു മനസ് ഇപ്പോൾ സർവത്ര ആശയക്കുഴപ്പത്തിലായിക്കഴിഞ്ഞു എന്നത് സംശയമില്ലാത്ത കാര്യമാണ്.
ഈ പാർലമെന്റ് ഇലക്ഷനിൽ എണ്ണംപറഞ്ഞ സീറ്റുകൾ നേടുകയാണ് ബിജെപിയുടെ പ്രഥമ ലക്ഷ്യം എന്ന് കരുതിയാൽ നമുക്ക് തെറ്റും. ഒന്നോ രണ്ടോ സീറ്റ് നേടുക എന്നത് (അത് അസാധ്യവും ആയിരിക്കില്ല) വലിയ കാര്യമാണെങ്കിലും ഉറച്ചതെന്ന് എൽഡിഎഫും യൂഡിഎഫും കരുതുന്ന അവരുടെ കോട്ടകളിലെല്ലാം അട്ടിമറികൾ നടത്താൻ കാരണമാവുന്ന സാന്നിദ്ധ്യമാവാൻ കഴിയുക എന്നതാവും ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. കേരളത്തിലെ ജനങ്ങളുടെ വോട്ടിംഗ് മനോനില ആരെയെങ്കിലും വിജയിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല. നമ്മുടെ നാട്ടിൽ ജനങ്ങൾ, ഭരിക്കുന്നവരെ പാഠം പഠിപ്പിക്കാനാണ് വോട്ടു ചെയ്യുന്നത്. അതുകൊണ്ടാണ് ചെളി ഇടതിൽ നിന്നും വലതിലോട്ടും തിരിച്ചും മാറിമാറി ചവിട്ടുന്നത്. ഈ പ്രതികാര തന്ത്രത്തെ തോൽപിക്കുകയാവും ഇപ്പോഴും ബിജെപിയുടെ ഇലക്ഷൻ സ്ട്രാറ്റജി.
എന്തായാലും ബംഗാൾ നടന്ന വഴിയേ കേരളവും നടക്കുകതന്നെയാണ് എന്നകാര്യത്തിൽ സംശയം വേണ്ട.
തെറ്റിനെ തെറ്റെന്നു പറയാനും തിരുത്താനും പ്രസ്ഥാനത്തെ ശരിയായ ദിശയിലേക്കു നയിക്കാനും തയാറാകാത്ത ഇടതുപക്ഷത്തെ സാംസ്കാരിക സഹയാത്രികരും അന്ധരായ അണികളുമാണ് വരാനിരിക്കുന്ന വിപത്തിന്റെ ഉത്തരവാദികൾ. കേരളം ബിജെപി ഭരിക്കും എന്നതാണ് വരാനിരിക്കുന്ന ആ വലിയ വിപത്ത് എന്ന് കരുതിയാൽ അപ്പോഴും നമുക്ക് തെറ്റും. ഭരിക്കാൻ കെല്പില്ലാതെ രാഷ്ട്രീയ കക്ഷികൾ പിഞ്ഞിപ്പറിയുമ്പോൾ അരാഷ്ട്രീയ മാഫിയകൾ കേരളത്തിൽ ഇപ്പോൾ നടത്തുന്ന അദൃശ്യഭരണം കൂടുതൽ പിടിമുറുക്കും എന്നതായിരിക്കും കേരളം നേരിടാൻ പോകുന്ന ഏറ്റവും ഭയപ്പെടുത്തുന്ന സാഹചര്യം. എത്രമാത്രം അവധാനതയോടെ ജനത ഈ (അ)രാഷ്ട്രീയ സാഹചര്യത്തെ കാണുന്നു, പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ ഭാവി.
*കേരളത്തിന്റെ സാഹചര്യത്തിൽ
Post Your Comments