ചലച്ചിത്രസംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് തന്റെ സഹോദരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് രംഗത്ത് എത്തി. സഹോദരിയുടെ മരണത്തിനു പിന്നില്‍ അവയവ മാഫിയയുടെ കരങ്ങളാണെന്നാണ് സന്‍കുമാര്‍ പ്രധാനമായും ആരോപിയ്ക്കുന്നത്. അവയവ മാഫിയക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നതിനിടെയാണ് ഈ ആരോപണം ഉയര്‍ന്നതെന്ന് ശ്രദ്ധേയമാണ്. തന്റെ സംശയങ്ങള്‍ സനല്‍കുമാര്‍ ഫേസ്ബുക്ക് കുറുപ്പിലാണ് പങ്കുവെച്ചിരിക്കുന്നത്.
തന്റെ പിതാവിന്റെ സഹോദരിയുടെ മകളായ സന്ധ്യയുടെ മരണ വിവരമാണ് കരള്‍ പിളര്‍ക്കുന്ന അനുഭവത്തോടെ അദ്ദേഹം വിവരിക്കുന്നത്. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ സന്ധ്യയുടെ മൃതദേഹം രണ്ട് ദിവസമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാതെ സൂക്ഷിച്ചതെന്ന് സനല്‍കുമാര്‍ ശശിധരന് പറയുന്നു.
ഇന്നലെ വൈകുന്നേരത്തോടെ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ഡോക്ടറുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ലെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. അസുഖം വന്ന് മരിച്ചുവെന്ന് പറയുന്ന സന്ധ്യയുടെ മൃതദേഹത്തില്‍ വലതു കൈത്തണ്ടയില്‍ ചതവുപോലുളള ഒരു പാടും ഇടത് കണ്ണിനു താഴെയായി ചോരപ്പാടും കഴുത്തില്‍ വരഞ്ഞപോലുള്ള പാടും ഉണ്ടായിരുന്നു. അതിന്റെ ഫോട്ടോ എടുക്കണമെന്ന് സനല്‍കുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ അദ്ദേഹത്തെ ബലം പ്രയോഗിച്ച് പുറത്താക്കി വാതില്‍ അടയ്ക്കുകയായിരുന്നുവെന്നാണ് സനല്‍കുമാര്‍ വെളിപ്പെടുത്തുന്നത്.
താന്‍ നിര്‍ബന്ധം പിടിച്ചാണ് അടയാളങ്ങളുടെ ഫോട്ടോ എടുപ്പിച്ചത്. ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് ബന്ധുക്കളെ കാണിച്ചില്ല. ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും സഹായം കിട്ടാത്തതിനെ തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായിരുന്നുവെങ്കില്‍ മെഡിക്കല്‍ കേളേജിലേക്ക് എത്തുമ്ബോള്‍ സന്ധ്യയുടെ പരിശോധനാ ഫലം കൊവിഡ് പോസിറ്റീവായി. മൃതദേഹം ദഹിപ്പിച്ചാല്‍ എല്ലാ തെളിവുകളും നശിക്കുമെന്നും തനിക്ക് വിഷയത്തില്‍ ദുരുഹയുണ്ടെന്നും സനല്‍കുമാര്‍ ശശിധരന് വ്യക്തമാക്കുന്നു.
മരണപ്പെട്ട സന്ധ്യ 2018ല്‍ അവരുടെ കരള്‍ പരമരഹസ്യമായി 10 ലക്ഷം രൂപയ്ക്ക് ഒരാള്‍ക്ക് വിറ്റു എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സനല്‍കുമാര്‍ ശശിധരന് ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. എഴുത്തും വായനയും അറിയാത്ത മരണപ്പെട്ട സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തി എന്ന് പറയുന്നത് വിശ്വസനീയമല്ല. മരണപ്പെട്ട സന്ധ്യക്ക് കിഡ്നി സംബന്ധമായതും ഹൃദയ സംബന്ധമായതുമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി എനിക്കറിയാം. ആ അവസരത്തില്‍ എങ്ങനെ ഇത്തരം ഒരു ശസ്ത്രക്രിയയ്ക്ക് ആശുപത്രിഅധികൃതര്‍ സമ്മതിച്ചു എന്ന് ചോദിച്ചപ്പോള്‍ അവര്‍ നടത്തിയ സ്കാനിംഗുകളിലും ടെസ്റ്റുകളിലും ഒന്നും പ്രശ്നങ്ങള്‍ ഇല്ലായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു എന്നാണ് മകള്‍ പറയുന്നതെന്നും അദ്ദേഹം പറയുന്നു. അവയവ മാഫിയയിലേക്ക് കൂടി കൈ ചൂണ്ടുന്നതാണ് സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ്. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ മരണം ദുരൂഹമാണെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
Post Your Comments