Latest NewsKeralaNews

ഇത് ഏറ്റവും ഒടുവിലത്തെ ഇരയാകണം ; സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള വര്‍ദ്ധിച്ചു വരുന്ന ലൈംഗീക അതിക്രമങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്വപ്പെട്ട് കേന്ദ്ര ശിശുക്ഷേമ വകുപ്പ് മന്ത്രിക്ക് കത്തയച്ച് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള വര്‍ദ്ധിച്ചു വരുന്ന ലൈംഗീക അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേരളം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിത ഇടമല്ല എന്ന് ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തുന്നതാണ് കോഴിക്കോട്ട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാള്‍ സ്വദേശികളുടെ ആറു വയസ്സുള്ള മകള്‍ ലൈംഗിക പീഡനത്തിന് ഇരയായ സംഭവമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇളയ കുട്ടികളുമായി വീട്ടില്‍ കഴിഞ്ഞ ബാലികയ്ക്കാണ് ഈ ദുരനുഭവം. ഈ ദാരുണ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അടിയന്തരമായി അറസ്റ്റു ചെയ്ത് നിയമത്തിനു മുന്നിലെത്തിക്കണം. ഇടുക്കിയും വാളയാറും പാച്ചല്ലൂരുമൊക്കെ 16ഉം 9ഉം 13ഉം 14ഉമൊക്കെ പ്രായമായ പെണ്‍കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കേരള പൊലീസിന്റെ അലംഭാവം തുടര്‍കഥയാകുകയാണെന്നും. ഈ സംരക്ഷണ കവചമാണ് ഈ നരാധമന്മാര്‍ക്ക് പ്രോത്സാഹനം ആകുന്നതെന്നും അവര്‍ ആരോപിച്ചു.

ഇതിന് പുറമെയാണ് പരിമിതമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍. പുറത്തു നിന്നു നമ്മുടെ നാട്ടില്‍ വന്നു തൊഴില്‍ ചെയ്യുന്നവരെ അതിഥിത്തൊഴിലാളികള്‍ എന്നു സ്നേഹത്തോടെ വിശേഷിപ്പിച്ചാല്‍ മാത്രം പോരാ അവരുടെ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കുകയും വേണം. ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സംസ്ഥാന ഗവണ്‍മെന്റ് പരാജയപ്പെട്ടതിന്റെ ഒടുവിലത്തെ ഇരയാണ് നേപ്പാള്‍ പെണ്‍കുട്ടി. ഇത് ഏറ്റവും ഒടുവിലത്തെ ഇരയാകണം, ഇനിയുണ്ടാകരുത്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മിക്ക കേസുകളിലെയും പ്രതികള്‍ സിപിഎമ്മുകാരായത് കൊണ്ടാണോ ഈ നിഷ്‌ക്രിയത്വം എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നീ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ പക്ഷപാതപരമായി പെരുമാറുന്നു എന്ന പരാതി മുമ്പേ നിലവിലുണ്ട്. നേപ്പാള്‍ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം രാവിലെ തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മയക്കുമരുന്നു കേസില്‍ പ്രതിയായ മകന്റെ വീട്ടിലെ ഇ.ഡി റെയ്ഡ് അവസാനിപ്പിക്കാന്‍ ബാലാവകാശ കമ്മീഷന്‍ നേരിട്ട് ഇറങ്ങിയത്. ആ വീട്ടിലെ കുട്ടികളുടെ അവകാശം മാത്രമല്ല കേരളത്തില്‍ ജീവിക്കുന്ന മുഴുവന്‍ കുട്ടികളുടെയും സുരക്ഷയും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button