News

സ്മൃതി ഇറാനിയെ നേരിടാൻ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ: ആരാണ് കിശോരി ലാൽ ശർമ്മ?

ഡൽഹി: അനിശ്ചിതത്വത്തിന് വിരാമമിട്ട് കോൺ​ഗ്രസ് ഉത്തർപ്രദേശിലെ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നു. രാഹുൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്ന അമേഠിയിൽ പക്ഷേ അവസാന നിമിഷം സർപ്രൈസ് സ്ഥാനാർത്ഥിയെത്തി, കിശോരി ലാൽ ശർമ്മ. 2019 വരെ കോൺ​ഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് അമേഠി.

അക്കുറി പക്ഷേ പണി പാളി. രാഹുൽ ​ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി ഇറാനിയിലൂടെ ബിജെപി മണ്ഡലം പിടിച്ചെടുത്തു. അവിടെയാണ് കിശോരി ലാൽ ശർമ്മ എന്ന തുറുപ്പുചീട്ട് കോൺ​ഗ്രസ് ഇത്തവണ ഇറക്കുന്നത്. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന അമേഠിയിൽ അവസാന നിമിഷം രം​ഗത്തെത്തിയ ഈ കിശോരി ലാൽ ശർമ്മ ആരാണ്?​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ എന്ന് കിശോരി ലാൽ ശർമ്മയെ വിശേഷിപ്പിക്കാം.

അമേഠിയല്ല, റായ്ബറേലിയാണ് കൂടുതലും അദ്ദേഹത്തിന്റെ കർമ്മ മണ്ഡലം. റായ്ബറേയിൽ സോണിയയ്ക്കു വേണ്ടി പൊതുരം​ഗത്തെപ്പോഴും സജീവമായിരുന്നു. സോണിയയ്ക്കു വേണ്ടി റായ്ബറേലിയിൽ കാര്യങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത് കിശോരി ലാൽ ആണ്. അമേഠിയിലും ​ഗാന്ധികുടുംബത്തിന്റെ പ്രതിനിധിയായി കിശോരി ലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു.

പഞ്ചാബ് സ്വദേശിയായ കിശോരി ലാൽ ശർമ്മ 1983ലാണ് അമേഠിയിലേക്ക് കോൺ​ഗ്രസ് പ്രവർത്തകനായി എത്തുന്നത്. രാജീവ് ​ഗാന്ധിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയാണ്. രാജീവിന്റെ കാലശേഷവും കിശോരി ലാൽ അമേഠിയിൽ തുടർന്നു. തിരഞ്ഞെടുപ്പുകളിൽ പ്രചാരണരം​ഗത്ത് നേതൃസ്ഥാനത്ത് സജീവമായിരുന്നു. 1999ൽ സോണിയാ ​ഗാന്ധിയുടെ അമേഠിയിലെ കന്നിയങ്കത്തിൽ നിർണായക പങ്കാണ് കിശോരി ലാലിനുണ്ടായിരുന്നത്.

അന്ന് മുതൽ സോണിയയുടെ വിശ്വസ്തനായ കിശോരി ലാൽ അവർ റായ്ബറേലിയിലേക്ക് കളം മാറിയതോടെ അവിടെയും വലംകൈയ്യായി. ഇനി സ്ഥാനാർത്ഥിയുടെ വേഷത്തിലാണ് അമേഠിയിൽ കിശോരി ലാൽ കളത്തിലിറങ്ങുന്നത്. അമേഠിയിലെയും റായ്ബറേലിയിലെയും പതിറ്റാണ്ടുകളുടെ അനുഭവപരിചയം അദ്ദേഹത്തെ തുണയ്ക്കുമോ? സ്മൃതി ഇറാനിയെ പരാജയപ്പെടുത്തി അമേഠി തിരിച്ചുപിടിക്കുമോ? രാജ്യം ഉറ്റുനോക്കുന്ന വോട്ടെടുപ്പിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button