KeralaLatest NewsNews

പിണറായികണ്‍വെന്‍ഷന്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ചെലവഴിച്ചത് 18.65 കോടി

മുന്‍ എംഎല്‍എ കെ കെ നാരായണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 5.65 കോടി രൂപ രണ്ട് ഘട്ടങ്ങളായി സെന്ററിന്റെ പ്രാരംഭ ഘട്ടത്തില്‍ അനുവദിച്ചിരുന്നു.

കണ്ണൂര്‍: പിണറായികണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. പിണറായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പിണറായിയില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്. ജില്ലയില്‍ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധീനതയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങുന്നത്. നാടിന്റെ വികസന സാംസ്‌കാരിക രംഗങ്ങളില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ മുതല്‍ക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ളവരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെന്നും കൊവിഡ് പ്രതിരോധത്തില്‍ ആ മികവ് നാം കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ഫ്യൂസ് ഊരാനൊരുങ്ങി കെഎസ്ഇബി

മികച്ച സംവിധാനങ്ങളോട് കൂടിയ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റും വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് സിസ്റ്റവും കണ്‍വെന്‍ഷന്‍ സെന്ററിലുണ്ട്. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള അഗ്നിശമന സംവിധാനവും ഇവിടെയുണ്ട്. വിവാഹം, സെമിനാറുകള്‍, വിവിധ കലാപരിപാടികള്‍, യോഗങ്ങള്‍ തുടങ്ങിയവ നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ലൈവ് ടെലികാസ്റ്റ് സംവിധാനവും സെന്ററിലൊരുക്കിയിട്ടുണ്ട്. എന്നാൽ സ്ഥലമേറ്റെടുപ്പും കെട്ടിടത്തിന്റെ നിര്‍മാണവും ഉള്‍പ്പെടെ 18.65 കോടി രൂപയാണ് കണ്‍വെന്‍ഷന്‍ സെന്ററിനായി ചെലവഴിച്ചത്. മുന്‍ എംഎല്‍എ കെ കെ നാരായണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 5.65 കോടി രൂപ രണ്ട് ഘട്ടങ്ങളായി സെന്ററിന്റെ പ്രാരംഭ ഘട്ടത്തില്‍ അനുവദിച്ചിരുന്നു. ഇരുനിലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ തൊള്ളായിരത്തിലേറെ പേരെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഓഡിറ്റോറിയമാണുള്ളത്. 450 പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഏരിയയും കിച്ചണ്‍ സംവിധാനവും ഇവിടെയുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗീതമ്മ, ജില്ലാ പഞ്ചായത്ത് അംഗം പി വിനീത, പിണറായി പഞ്ചായത്തംഗം കെ പി അസ്ലം, മുന്‍ എംഎല്‍എ കെ കെ നാരായണന്‍, പിണറായി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമാരായ കാക്കോത്ത് രാജന്‍, വി ലീല, കോങ്കി രവീന്ദ്രന്‍, എക്്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷാകുമാരി, അസി. എഞ്ചിനീയര്‍ ഷൈന വല്‍സന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button