ന്യൂഡല്‍ഹി : കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഒന്നാം തരംഗത്തില്‍ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്ത്തിയവര്‍ ഇപ്പോള്‍ എവിടെയെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഗുരുതരമാണ്. ഒന്നാം തരംഗത്തില്‍ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവര്‍ ഇപ്പോള്‍ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണ്. അന്ന് ദിവസവും വാര്‍ത്താ സമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ എവിടെയാണ്. കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടിയില്‍ കേന്ദ്രം തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ കള്ളം പറയുന്നുവെന്ന് കുറ്റപ്പെടുത്തുകയാണ്.ആശുപത്രികളില്‍ കിടക്ക കിട്ടാത്ത സാഹചര്യമാണ് ഉള്ളതെന്നും മുരളീധരന്‍ വ്യക്തമാക്കി.
കോവിഡ് കേസുകള്‍ കൂടുന്നത് പ്രവാസി മലയാളികളെയാണ് സാരമായി ബാധിക്കുന്നത്. കേരളത്തില്‍ നിന്നുള്ളവരാണെന്ന് പറയുമ്പോള്‍ വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ നെറ്റിചുളിക്കുകയാണ്. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ചില സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു
കോവിഡിന്റെ കാലത്ത് ഒരുകൊല്ലത്തോളം വാര്‍ത്താസമ്മേളനം നടത്തി കരുതലിന്റെ പാഠം പഠിപ്പിക്കുന്ന മുഖ്യമന്ത്രിയെ ഇപ്പോള്‍ കാണുന്നില്ല. അദ്ദേഹം കേരളത്തില്‍ തന്നെയുണ്ടോ എന്നറിയില്ല. ഈ സംസ്ഥാനം രാജ്യത്തിന് തന്നെ വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍ അദ്ദേഹം ഇതിന് മറുപടി പറയണമെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments