ഫരീദാബാദ് : ഫരീദാബാദില്‍ കൊല്ലപ്പെട്ട നികിതാ തോമറെന്ന പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബല്ലഭ്ഗഡില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം. പ്രദേശത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ച ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനങ്ങള്‍ മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്ത് ദേശീയപാത ഉപരോധിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ബല്ലഭ്ഗഡില്‍ മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിരുന്നില്ലെന്ന് ഹരിയാന പോലീസ് ഡിസിപി സുമേര്‍ സിംഗ് പറഞ്ഞു.നികിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളായ തൗസീഫ്, രഹാന്‍ എന്നിവരെ ഇതിനോടകം തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ, ലവ് ജിഹാദിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നല്‍കികൊണ്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രംഗത്തു വന്നിരുന്നു.
അതേസമയം, നികിതയെ മതംമാറ്റാന്‍ തൗസീഫ് നിര്‍ബന്ധിച്ചതായി നികിതയുടെ കുടുംബം ആരോപിച്ചു. ഒക്ടോബര്‍ 26 നായിരുന്നു ഹരിയാനയെ നടുക്കിയ കൊലപാതകം ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ നികിത, ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കോളേജില്‍ നിന്നിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. തൗസീഫിനെ അവഗണിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കാറിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ നികിത ചെറുക്കുകയും തൗസീഫ് വെടിയുതിര്‍ക്കുകയുമായിരുന്നു.
കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയരുന്നത്. പ്രതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചു. പെണ്‍കുട്ടി പഠിച്ചിരുന്ന കോളേജിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഫരീദാബാദില്‍ പ്രതിഷേധക്കാര്‍ ഒരു കട അടിച്ചുതകര്‍ത്തിരുന്നു.
Post Your Comments