Latest NewsIndia

വിദ്യാര്‍ഥിനിയെ വെടിവച്ചുകൊന്ന കേസ്‌ : അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു, വെടിവച്ചത് കോണ്‍ഗ്രസ്‌ എം.എല്‍.എ. അഫ്‌താബ്‌ അഹമ്മദിന്റെ ബന്ധു , കൂടുതൽ വിവരങ്ങൾ പുറത്ത്

അടുത്തിടെ നികിതയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും മതംമാറി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും പിതാവും ബന്ധുക്കളും അന്വേഷണസംഘത്തിനു മൊഴിനല്‍കി.

ഫരീദാബാദ്‌: ഹരിയാനയില്‍ കോളജ്‌ വിദ്യാര്‍ഥിനിയെ വെടിവച്ചുകൊന്ന കേസില്‍ പോലീസിന്റെ പ്രത്യേകാന്വേഷണസംഘം യുവതിയുടെ വീട്‌ സന്ദര്‍ശിച്ച്‌ കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ബി.കോം. യുവതിയെ വെടിവച്ചതു കോണ്‍ഗ്രസ്‌ എം.എല്‍.എ. അഫ്‌താബ്‌ അഹമ്മദിന്റെ ബന്ധു തൗസീഫാണെന്നു വ്യക്‌തമായതോടെ ഹരിയാനയില്‍ വന്‍പ്രതിഷേധമാണുയരുന്നത്‌.

അവസാനവര്‍ഷ വിദ്യാര്‍ഥിനി നികിത തോമറാ(21)ണു പരീക്ഷയെഴുതാന്‍ പോകുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്‌ച വൈകിട്ടു നാലോടെ ബല്ലബ്‌ഗാഹിലെ കോളജിനു മുന്നില്‍ തലയ്‌ക്കു വെടിയേറ്റുമരിച്ചത്‌. നികിതയെ വെടിവച്ച യുവാവും കൂട്ടുകാരും വാഹനത്തില്‍ കയറി രക്ഷപ്പെടുന്ന സി.സി. ടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.നിരന്തരം ശല്യപ്പെടുത്തിയിരുന്ന തൗസീഫ്‌, അടുത്തിടെ നികിതയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും മതംമാറി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും പിതാവും ബന്ധുക്കളും അന്വേഷണസംഘത്തിനു മൊഴിനല്‍കി.

മതംമാറണമെന്നാവശ്യപ്പെട്ട്‌ തൗസീഫിന്റെ മാതാവ്‌ നിരവധി തവണ നികിതയെ സന്ദര്‍ശിച്ചിരുന്നു. ആവശ്യം നിരസിച്ചതിലുള്ള പ്രതികാരമായാണു കൊലപാതകമെന്നും പിതാവ്‌ ആരോപിച്ചു. നികിതയും സുഹൃത്തും കോളജിനു പുറത്തേക്കു വരുമ്പോള്‍, വെളുത്തകാറിലെത്തിയ അക്രമിസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ചെറുത്തുനിന്ന നികിതയെ വെടിവച്ചുവീഴ്‌ത്തിയശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. തലയ്‌ക്കു വെടിയേറ്റ യുവതി തല്‍ക്ഷണം മരിച്ചു.

തൗസീഫ്‌, കൂട്ടാളി രെഹാന്‍ എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്‌ച അഫ്‌താബിന്റെ മണ്ഡലമായ നൂഹില്‍നിന്നു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. കൊല്ലപ്പെട്ട നികിതയും തൗസീഫും ബാല്യം മുതല്‍ സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരേ സ്‌കൂളിലാണു പഠിച്ചത്‌. തൗസീഫ്‌ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച്‌ നികിത കഴിഞ്ഞമാസം പോലീസില്‍ പരാതിപ്പെട്ടിരുന്നു. സ്‌കൂള്‍ വിട്ടശേഷം നികിതയും തൗസീഫും വെവ്വേറേ കോളജുകളിലാണു ചേര്‍ന്നത്‌.നികിത ബി.കോമിനും തൗസീഫ്‌ ഫിസിയോതെറാപ്പി കോഴ്‌സിനും ചേര്‍ന്നു.

read also: യുവാവിനെ വെടിവെച്ചു കൊന്ന ശേഷം മരിച്ചു കിടക്കുന്ന ചിത്രം അക്രമി പകര്‍ത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

പഠനത്തില്‍ മിടുക്കിയായിരുന്ന നികിത സിവില്‍ സര്‍വീസ്‌ പരീക്ഷയെഴുതാനുള്ള തയാറെടുപ്പിലായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം നികിതയെ തട്ടിക്കൊണ്ടുപോകാന്‍ തൗസീഫ്‌ ശ്രമിച്ചിരുന്നതായും എന്നാല്‍, പഞ്ചായത്ത്‌ ഇടപെട്ടതിനേത്തുടര്‍ന്നു വീട്ടുകാര്‍ പരാതി പിന്‍വലിക്കുകയായിരുന്നെന്നും പോലീസ്‌ പറയുന്നു.തൗസീഫിന്റെ വീട്ടുകാര്‍ക്കുള്ള രാഷ്‌ട്രീയപിന്‍ബലമുപയോഗിച്ചാണു പരാതി പിന്‍വലിപ്പിച്ചത്‌. തൗസീഫ്‌ ഇനി ഉപദ്രവിക്കില്ലെന്നും ഉറപ്പുനല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button