KeralaLatest NewsNews

ശിവശങ്കറിനെതിരായ ഇഡിയുടെ റിപ്പോർട്ട് സർക്കാരിന്റെ വാദങ്ങൾക്ക് തിരിച്ചടി: കെ.സുരേന്ദ്രൻ

തൃശ്ശൂർ: സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ ​ഗൂഡാലോചനയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനു പങ്കുണ്ടെന്ന ഇഡിയുടെ റിപ്പോർട്ട് സർക്കാരിന്റെ എല്ലാ വാദമുഖങ്ങളും പൊളിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ശിവശങ്കരനെ കോൺടാക്ട് പൊയിന്റാക്കിയ മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യദ്രോഹകേസിന്റെ ​ഗൂഢാലോചനയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പങ്കെടുത്തത് സംസ്ഥാനത്തിന് നാണക്കേടാണ്.

കേരളത്തിൽ കൊവിഡ് രോ​ഗികളോട് മനുഷ്യത്വരഹിതമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. തൃശ്ശൂരിൽ കൊവിഡ് രോ​ഗിയായ വയോധികയെ കെട്ടിയിട്ട സംഭവം ഉണ്ടായിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ജനറൽ ഐ.സി.യുവിലാണ് കൊവിഡ് രോ​ഗിയെ ചികിത്സിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. മരിച്ച രോ​ഗിയോട് ആശുപത്രി അധികൃതർ അനാസ്ഥ കാണിച്ചെന്ന് മനസിലായിരിക്കുകയാണ്. രോ​ഗികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളില്ല. ഉള്ളതിൽ കെയർ ടേക്കർമാരില്ല. ടെസ്റ്റ് പൊസിറ്റിവിറ്റിയുടെ കാര്യത്തിൽ കേരളം ഒന്നാംസ്ഥാനത്താണ്. മരണനിരക്ക് കുറ‍ഞ്ഞത് തങ്ങളുടെ നേട്ടമാണെന്നാണ് സർക്കാർ പറയുന്നത്. ഇത് അടിസ്ഥാനരഹിതമായ കാര്യമാണ്. സർക്കാരിന് ദിശാബോധം നഷ്ടമായിരിക്കുന്നു. ദയനീയമായി സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. സർക്കാരിന് ഉപദേശം നൽകുന്നവർക്ക് ശാസ്ത്രീയബോധമില്ല. കള്ളക്കടത്തുകാരെയും മാഫിയകളേയും സംരക്ഷിക്കുന്ന സർക്കാർ കൊവിഡ് പ്രതിരോധത്തെ അവ​ഗണിക്കുകയാണ്. വാളയാർ സംഭവത്തിൽ പ്രതികളെ വീണ്ടും വീണ്ടും സഹായിക്കുകയാണ് സർക്കാരെന്ന് ഇരകളുടെ അമ്മ പറയുന്നു. ഇതാണോ പിണറായി വിജയന്റെ സ്ത്രീശാക്തീകരണമെന്ന് സുരേന്ദ്രൻ ചോദിച്ചു.

Also read : കെ.എം.ഷാജി എംഎല്‍എയ്‌ക്കെതിരെ എന്‍ഫോഴ്‌സമെന്റ് നടപടി ഏറ്റു : 5260 സ്‌ക്വയര്‍ ഫീറ്റുള്ള വീട് ഉടന്‍ പൊളിച്ച് മാറ്റാന്‍ നോട്ടീസ്

സർക്കാരിനെതിരെ സമരം ശക്തമാക്കും. നവംബർ ഒന്ന് കേരളപിറവി ദിനത്തിൽ സമരശ‍ൃംഖല സംഘടിപ്പിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് 50 മീറ്റർ വ്യത്യാസത്തിൽ അഞ്ച് പേരെ പങ്കെടുപ്പിച്ചാണ് നിൽപ്പുസമരം നടത്തുക. സർക്കാരിനെതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കാനാണ് ഇടതുസർക്കാർ ശ്രമിക്കുന്നത്. മിസോറാം മുൻ​ഗവർണ്ണർ കുമ്മനത്തിനെതിരെ പരാതിയില്ലാഞ്ഞിട്ട് പോലും സർക്കാർ കേസെടുത്തു. കേരളത്തിന്റെ പൊതുസമൂഹത്തിൽ തെളിമയോടെ നിൽക്കുന്ന ഒരാളെ ഇങ്ങനെ വ്യക്തിഹത്യ ചെയ്യാമെന്നാണോ പിണറായി കരുതുന്നത്? ബി.ജെ.പി നേതാക്കളെ പൊലീസിനെ ചട്ടുകമാക്കി ജനാധിപത്യവിരുദ്ധമായി ആക്രമിച്ചാൽ പാർട്ടി കയ്യുംകെട്ടിയിരിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button