ചെന്നൈ : തമിഴ് സൂപ്പര്‍താരം വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ചൂടേകി പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖര്‍. ജനം ആവശ്യപ്പെടുമ്പോള്‍ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായി നടക്കുന്നതിനിടയിലാണ് നിലപാട് വ്യക്തമാക്കി പിതാവ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും ഫാന്‍സ് അസോസിയേഷന്‍ തന്നെ പാര്‍ച്ചിയായി മാറുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. വിജയ് ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പിതാവായ ചന്ദ്രശേഖര്‍ തന്നെയാണ്. താരത്തിന്റെ സമീപകാല ചിത്രങ്ങള്‍ എല്ലാം തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് സൂചന നല്‍കുന്നവയായിരുന്നു. വിജയിയുടേതായി പുറത്തിറങ്ങിയ മെര്‍സല്‍, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ ദേശീയ തലത്തില്‍ പോലും വന്‍ വിവാദങ്ങള്‍ക്ക് വഴിയോരുക്കിയിരുന്നു.
മെര്‍സലില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവച്ചത്. ജിഎസ്ടിയെയും അമ്പലം പണിയുന്നതിനെയും എല്ലാം കടുത്ത ഭാഷയിലായിരുന്നു ചിത്രത്തില്‍ വിമര്‍ശിച്ചത്. മെര്‍സലിനു പിന്നാലെയെത്തിയ സര്‍ക്കാറും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. സിനിമയ്‌ക്കെതിരെ അണ്ണാഡിഎംകെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് താരത്തിന്റെ പുതിയ ചിത്രമായ മാസ്റ്റര്‍ ചിത്രീകരണത്തിനിടയില്‍ അദ്ദേഹത്തിന്റെ വീട്ടിലുള്‍പ്പെടെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് അന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.
കൂടാതെ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ താരത്തിന്റെ ചില പ്രസ്താവനകള്‍ രാഷ്ട്രീയ പ്രവേശനത്തിന് സൂചന നല്‍കിയിരുന്നു. താരത്തിന്റെ ഓരോവാക്കുകളും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാക്കുന്നവയായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പിതാവ് ചന്ദ്രശേഖര്‍ തന്നെ രംഗത്തെത്തിയത്.
Post Your Comments