കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാരിന്റെ നാലു വർഷത്തെ പരിശ്രമ ഫലമായി പൂർത്തിയാക്കിയ വിവരമെടുത്താണ് പ്രതിപക്ഷനേതാവ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത്. യുഡിഎഫ് സമയത്തെ ഈ വിഷയത്തിലെ അരാജകത്വം പരിഹരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ നട്ടാൽ കുരുക്കാത്ത നുണകളാണ് അദ്ദേഹത്തിന്റെ ആയുധമെന്നും തോമസ് ഐസക്ക് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് പത്രസമ്മേളനം വിളിച്ച് സർക്കാരിനെതിരെ പരിഹാസ്യമായ ഒരാരോപണം ഉന്നയിച്ചു. ലക്ഷണക്കണക്കിനു അനധികൃത പിന്‍വാതില്‍ നിയമനങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്ന്.
തെളിവായിട്ട് അദ്ദേഹം ഹാജരാക്കിയത് കേരള സർക്കാർ സ്പാർക്കിലൂടെ ശമ്പളം നൽകുന്ന താൽക്കാലിക ജീവനക്കാരുടെ എണ്ണമാണ്. 2020 ജനുവരിയിലെ കണക്കനുസരിച്ച് ഏകദേശം 1135 വിഭാഗങ്ങളിലായി 1,17,384 പേരാണ് കരാർ / ദിവസവേതന വിഭാഗത്തിൽ നിലവിൽ ജോലി ചെയ്യുന്നത്. ഇവരെയെല്ലാവരെയും അനധികൃതമായി ഈ സർക്കാർ നിയമിച്ചതാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. ഇത് അവഗണിച്ചതായിരുന്നു. അപ്പോഴാണ് വി.ഡി. സതീശൻ എംഎൽഎ വിവരാവകാശ പ്രകാരം കിട്ടിയതെന്നു പറഞ്ഞ് ഇതേ കണക്കിന്റെ അടിസ്ഥാനത്തിൽ ആക്ഷേപം ഉന്നയിച്ചു കണ്ടത്.
ആരൊക്കെയാണ് ഈ 1.17 ലക്ഷം താൽക്കാലിക ജീവനക്കാർ? ഇവരിൽ 73,221 പേർ അംഗൻവാടി വർക്കർമാരും ഹെൽപ്പർമാരുമാണ്. എത്രയോ നാളായി ഇവർ കേരള സർക്കാരിന്റെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്നു. ഇവരെ നിയമിക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളാണ്. ഈ എണ്ണം വച്ച് ആക്ഷേപം ഉന്നയിക്കാൻ തുടങ്ങിയാലോ?
പ്രീ-പ്രൈമറി അധ്യാപകർ ഉൾപ്പെടെ അപ്പ്രൂവൽ ലഭിക്കാൻ കാത്ത് നിൽക്കുന്ന പുതുതായി അനുവദിച്ച ബാച്ചുകളിലെ അധ്യാപകർ ഉൾപ്പടെ പന്ത്രണ്ടായിരത്തിഇരുന്നൂറ് പേർ താത്‌കാലിക വേതനം വാങ്ങുന്നവരായി ഉണ്ട്. കൂടാതെ ആറായിരത്തി അഞ്ഞൂറോളം പേർ പാർടൈം സ്വീപ്പർ തസ്തികയിൽ താത്കാലിക വേതനം കൈപ്പറ്റുന്നു. 2903 ഹോം ഗാർഡുകൾ, 1796 ഗസ്റ്റ് കോളേജ് അധ്യാപകർ എന്നിവരെ കൂട്ടിയാൽ ഈ പറഞ്ഞ വിഭാഗങ്ങളിൽ മാത്രം ആകെ താത്‌കാലികമായി ജോലി ചെയ്യുന്ന വിഭാഗങ്ങളുടെ 82 ശതമാനം വരും.
ഇങ്ങനെ താത്ക്കാലിക ജീവനക്കാർ അനിവാര്യമാണോ? അതെ. സംസ്ഥാന സർക്കാരിന്റെ കീഴിൽ സ്‌പെഷ്യൽ റൂൾ ഇല്ലാത്ത തസ്തികകളിൽ താത്കാലികക്കാരെ മാത്രമേ നിയമിക്കാൻ കഴിയൂ. വിദ്യാഭ്യാസവകുപ്പിൽ അധ്യാപകരുടെ തസ്തിക അനുവദിക്കപ്പെടുന്നതുവരെ ആ അധ്യാപകർ താത്കാലിക വേതനത്തിലാണ് ജോലി ചെയ്യുന്നത്. കൂടാതെ ഹോം ഗാർഡ്‌സ്, അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, പാർടൈം സ്വീപ്പർമാർ മുതലായ വിഭാഗങ്ങൾ എല്ലാകാലത്തും താത്കാലിക ജീവനക്കാർ ആയിട്ടാണ് കണക്കാക്കിയിരുന്നത്.
അടുത്തത്, ഇങ്ങനെയുള്ളവരുടെ എണ്ണം യുഡിഎഫ് കാലഘട്ടത്തിൽ എത്ര ഉണ്ടായിരുന്നു? സത്യം പറഞ്ഞാൽ കണക്ക് ഇല്ല. ഇപ്പോഴാണ് താത്കാലിക ജീവനക്കാരെ സംബന്ധിച്ച് തിട്ടമായ കണക്ക് ഉണ്ടായത്. ചില അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് യുഡിഎഫ് കാലത്ത് ഒന്നര ലക്ഷത്തിലധികം പേർ ഇങ്ങനെ ജോലി ചെയ്തു വരുന്നുണ്ടായിരുന്നു.
അക്കാലത്ത് കേരളമൊട്ടാകെ ഇങ്ങനെ ജോലി ചെയ്യുന്നവരുടെ ഒരു സമഗ്ര വിവരം ലഭ്യമല്ലായിരുന്നു. താഴെത്തട്ടിലെ ഓഫീസുകളിൽ ജോലി ചെയ്യുന്നവരുടെ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിചാരിച്ചാൽ മറച്ചു വെയ്ക്കാൻ കഴിയുമായിരുന്നു. ഈ താത്കാലികക്കാരുടെ ശമ്പളം നല്കികൊണ്ടിരുന്നത് ഓഫീസ് ചിലവുകൾ, മാറ്റിനങ്ങൾ എന്നിങ്ങനെയുള്ള ശീർഷകങ്ങളിലൂടെയായിരുന്നതിനാൽ ഈയിനത്തിൽ നൽകി വരുന്ന ശമ്പളത്തിന്റെ കണക്കുപോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
2016 ൽ ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ എല്ലാ വകുപ്പുകളിലും ഇങ്ങനെ ജോലി ചെയ്യുന്നവരുടെ കണക്കുകൾ ശേഖരിക്കാൻ ഒരു ശ്രമം നടത്തി. താത്കാലികക്കാർക്ക് ശമ്പളം നല്കാൻ പ്രത്യേകം ശീർഷകം ഏർപ്പെടുത്തുകയും അതിലൂടെ മാത്രമേ ശമ്പളം മാറി നല്കാൻ പാടുള്ളൂ എന്ന് കർശനമായി നിഷ്കർഷിക്കുകയും ചെയ്തു. അപ്പോൾ കിട്ടിയ കണക്കുകൾ ഇങ്ങനെ ജോലി ചെയ്യുന്നവർക്ക് നൽകി കൊണ്ടിരിക്കുന്ന ശമ്പളവുമായി പൊരുത്തപ്പെടുന്നില്ല എന്ന് കണ്ടത്കൊണ്ടാണ് ഇങ്ങനെ ജോലി ചെയ്യുവരുടെ വിവരം സ്പാർക്കിലൂടെ രേഖപ്പെടുത്താൻ തീരുമാനിച്ചത്. ഇവർക്ക് സ്ഥിരം ജീവനക്കാരുടേത് (PEN) പോലെ താത്കാലിക എംപ്ലോയ്‌മെന്റ് നമ്പർ (TEN) കൊടുക്കാൻ തീരുമാനിച്ചു. ഇതിനായി സോഫ്ട്‍വെയർ തയ്യാറാക്കി നിലവിലെ താത്കാലികക്കാരെ സ്പാർക്കിൽ രേഖപ്പെടുത്താനുള്ള ശ്രമം 2020 ജൂണോടെ 99.9 ശതമാനം പൂർത്തിയായി. അപ്പോഴാണ് കേരളത്തിലെ താത്കാലികമായി ജോലി ചെയ്യുന്നവരുടെ സമഗ്രമായ വിവരം സർക്കാരിന് ലഭിച്ചത്.
ഇനി മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരാരോപണം. സ്പാർക് പൂർത്തിയാകുന്നതിനു മുൻപ് ബജറ്റിനോടൊപ്പം വെയ്ക്കുന്ന സ്റ്റാഫ് അപ്പന്റിക്‌സ് എന്ന രേഖയുണ്ട്. അതിൽ എല്ലാ വർഷവും താത്കാലികമായി ജോലി ചെയ്യന്നവരുടെ വിവരം നൽകാറുണ്ട്. അതനുസരിച്ചു യുഡിഎഫിന്റെ അവസാന വർഷം താത്‌കാലികമായി ജോലി ചെയ്തിരുന്നവരുടെ എണ്ണം 13418 ആയിരുന്നു. 2020-21 ലെ സ്റ്റാഫ് അപ്പന്റിക്സ് അനുസരിച്ച് 11674 ആണ്. അതിനാലാണ് ബജറ്റ് രേഖയിലെ വിവരം മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചത്. സ്പാർക്കിലൂടെയുള്ള വിവരം ഇപ്പോഴാണ് പൂർത്തിയാകുന്നത്. ലഭ്യമായ വിവരമല്ലേ അറിയിക്കാൻ കഴിയൂ.
ഇങ്ങനെ സർക്കാരിന്റെ നാലു വർഷത്തെ പരിശ്രമ ഫലമായി പൂർത്തിയാക്കിയ വിവരമെടുത്താണ് പ്രതിപക്ഷനേതാവ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത്. യുഡിഎഫ് സമയത്തെ ഈ വിഷയത്തിലെ അരാജകത്വം പരിഹരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ നട്ടാൽ കുരുക്കാത്ത നുണകളാണ് അദ്ദേഹത്തിന്റെ ആയുധം.
https://www.facebook.com/thomasisaaq/posts/4041575052525272
Post Your Comments