Latest NewsKeralaNews

ശബരിമലയില്‍ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്ബൂതരി നട തുറന്ന് ദീപം തെളിയിച്ചു. പ്രത്യേക പൂജകളൊന്നും വെള്ളിയാഴ്ച ഉണ്ടായില്ല.

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഭക്തര്‍ സന്നിധാനത്ത് ദര്‍ശനത്തിനായി എത്തും. കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് ആറ് മാസത്തിന് ശേഷം സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുന്നത്. ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാലുടന്‍ മടങ്ങണം. അഞ്ച് ദിവസം നീളുന്ന തീര്‍ഥാടന കാലയളവില്‍ 1250 പേര്‍ അയ്യപ്പനെ തൊഴും.

ശനിയാഴ്ച ഉഷഃപൂജയ്ക്ക് ശേഷം എട്ട് മണിയോടെ അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല – മാളികപ്പുറം മേല്‍ശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തില്‍ നിന്ന് നിശ്ചയച്ച കൗഷിക്ക് കെ വര്‍മ്മ, റിഷികേശ് വര്‍മ്മ എന്നീ കുട്ടികളാണ് നറുക്കെടുക്കുന്നത്. പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 7.30ന് ഹരിവരാസനം പാടി നട അടയ്ക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button