ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ വൻ ഭക്തജന പ്രവാഹം. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇതുവരെ 19 ലക്ഷം ആളുകളാണ് ദർശനം നടത്തിയതെന്ന് രാമക്ഷേത്രം തീർത്ഥ ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രത്തിലെ ഭക്തജന തിരക്ക് നിയന്ത്രിക്കാനും, മുഴുവൻ ഭക്തജനങ്ങൾക്കും അസൗകര്യമില്ലാതെ ദർശനം നടത്താനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനായി നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് ക്ഷേത്ര സമുച്ചയത്തിൽ വിന്യസിച്ചിരിക്കുന്നത്.
ജനുവരി 23-നാണ് ക്ഷേത്രം ഭക്തർക്കായി തുറന്നുനൽകിയത്. അന്നേദിവസം 5 ലക്ഷത്തിലധികം ആളുകളാണ് ദർശനം നടത്തിയത്. ഓരോ ദിവസവും ഭക്തരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ആരതിയുടെയും ദർശനത്തിന്റെയും പുതുക്കിയ സമയക്രമം കഴിഞ്ഞ ദിവസം അധികൃതർ പുറത്തുവിട്ടിരുന്നു. രാവിലെ 7 മണി മുതലാണ് ഭക്തർക്ക് ക്ഷേത്രദർശനം അനുവദിച്ചിരിക്കുന്നത്.
Also Read: കൂടത്തായി കൊലപാതക പരമ്പര: നെറ്റ്ഫ്ലിക്സിനെതിരെ പ്രതി നൽകിയ ഹർജി ഇന്ന് പരിഗണിക്കും
ക്ഷേത്രത്തിലെത്തുന്ന ഓരോ ഭക്തജനങ്ങളും ബാലകരാമന് നിരവധി തരത്തിലുള്ള സംഭാവനകൾ സമർപ്പിച്ചിട്ടുണ്ട്. പ്രതിദിനം 10 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപയാണ് സംഭാവനയായി ലഭിക്കുന്നത്. ജനുവരി 22-നാണ് ഭാരതം ഒന്നടങ്കം കാത്തിരുന്ന അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടന്നത്.
Post Your Comments