തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം ഇടത്പക്ഷത്തേക്ക് ചേക്കേറിയതില്‍ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. എല്‍ഡിഎഫും യുഡിഎഫും കാലാകാലങ്ങളായി കേരള കോണ്‍ഗ്രസിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന യാഥാര്‍ത്ഥ്യം സ്വതന്ത്രമായി ചിന്തിക്കുന്ന കേരള കോണ്‍ഗ്രസുകാരെങ്കിലും തിരിച്ചറിയണമെന്ന് കുമ്മനം പറഞ്ഞു. കമ്മ്യുണിസ്റ്റ് – കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ 1964 ല്‍ രൂപം കൊണ്ട കേരള കോണ്‍ഗ്രസ്, ഇനിയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പിന്നാലെ പോയി രാഷ്ട്രീയ ഭാവി നശിപ്പിക്കേണ്ടതുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്ന് കുമ്മനം രാജശേഖരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജോസ് കെ മാണിയും പി ജെ ജോസഫും ഒരു രാഷ്ട്രീയ പുനര്‍ വിചിന്തനത്തിന് തയ്യാറാകേണ്ട സമയമാണിത്. 1957 ലെ കമ്മ്യുണിസ്റ്റ് ഭരണത്തിന്റെയും പിന്നീട് വന്ന കോണ്‍ഗ്രസ് ഭരണത്തിന്റെയും കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചാണ് 1964 ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായത്. ‘ശക്തമായ കേന്ദ്രവും സംതൃപ്തമായ കേരളവും ‘ എന്നതായിരുന്നു കേരള കോണ്‍ഗ്രസിന്റെ അന്നത്തെ പ്രഖ്യാപിത മുദ്രാവാക്യം. ശക്തമായ കേന്ദ്രം പ്രദാനം ചെയ്യാന്‍ കോണ്‍ഗ്രസിനോ സംതൃപ്തമായ സംസ്ഥാന ഭരണം കാഴ്ചവെക്കാന്‍ സിപിഎമ്മിനോ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍, കേരള കോണ്‍ഗ്രസ് ദേശീയ – സംസ്ഥാന രാഷ്ട്രീയത്തിന്റെ ചുവരെഴുത്ത് മനസിലാക്കി പുത്തന്‍ പരീക്ഷണത്തിന് തയ്യാറാകണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് യുഡിഎഫിനെ ആശങ്കയിലാഴ്ത്തി ജോസ്.കെ.മാണി പക്ഷം ഇടതുപക്ഷത്തേക്ക് പോകുന്നതായി സ്ഥിരീകരിച്ചത്. കുറച്ച് ദിവസങ്ങളായി പിജെ ജോസഫുമായും യുഡിഎഫുമായും ഇടഞ്ഞു നില്‍ക്കുകയായിരുന്നു ജോസ്.കെ.മാണി.
കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
കേരള കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണം.
കമ്മ്യുണിസ്റ്റ് – കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ 1964 ല്‍ രൂപം കൊണ്ട കേരള കോണ്‍ഗ്രസ്, ഇനിയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പിന്നാലെ പോയി രാഷ്ട്രീയ ഭാവി നശിപ്പിക്കേണ്ടതുണ്ടോ എന്ന് ആത്മപരിശോധന നടത്തണം.
ജോസ് കെ മാണിയും പി ജെ ജോസഫും ഒരു രാഷ്ട്രീയ പുനര്‍ വിചിന്തനത്തിന് തയ്യാറാകേണ്ട സമയമാണിത്. 1957 ലെ കമ്മ്യുണിസ്റ്റ് ഭരണത്തിന്റെയും പിന്നീട് വന്ന കോണ്‍ഗ്രസ് ഭരണത്തിന്റെയും കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചാണ് 1964 ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായത്.
‘ശക്തമായ കേന്ദ്രവും സംതൃപ്തമായ കേരളവും ‘
എന്നതായിരുന്നു കേരള കോണ്‍ഗ്രസിന്റെ അന്നത്തെ പ്രഖ്യാപിത മുദ്രാവാക്യം. ശക്തമായ കേന്ദ്രം പ്രദാനം ചെയ്യാന്‍ കോണ്‍ഗ്രസിനോ സംതൃപ്തമായ സംസ്ഥാന ഭരണം കാഴ്ചവെക്കാന്‍ സിപിഎമ്മിനോ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍, കേരള കോണ്‍ഗ്രസ് ദേശീയ – സംസ്ഥാന രാഷ്ട്രീയത്തിന്റെ ചുവരെഴുത്ത് മനസിലാക്കി പുത്തന്‍ പരീക്ഷണത്തിന് തയ്യാറാകണം.
യുഡിഎഫിനേയും എല്‍ഡിഎഫിനേയും മാറി മാറി ആശ്ലേഷിച്ചിട്ടുള്ള കേരള കോണ്‍ഗ്രസിന് രണ്ടു മുന്നണിയില്‍ നിന്നും എന്നും ആട്ടും തൊഴിയും മാത്രമേ ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് പിളര്‍പ്പിന്റെയും തളര്‍ച്ചയുടെയും കൂറുമാറലിന്റേയും ഊരാക്കുടുക്കില്‍ കിടന്ന് എക്കാലവും കേരള കോണ്‍ഗ്രസിന് നട്ടം തിരിയേണ്ടി വന്നത്.
എല്‍ഡിഎഫും യുഡിഎഫും കാലാകാലങ്ങളായി കേരള കോണ്‍ഗ്രസിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന യാഥാര്‍ത്ഥ്യം സ്വതന്ത്രമായി ചിന്തിക്കുന്ന കേരള കോണ്‍ഗ്രസുകാരെങ്കിലും തിരിച്ചറിയണം. എല്ലാ കേരള കോണ്‍ഗ്രസുകാരേയും ഒന്നിപ്പിക്കാന്‍ കെഎം മാണി 2018 ഓഗസ്റ്റ് 1 ന് കൂടിയ പാര്‍ട്ടിയുടെ ജന്മദിന വാര്‍ഷിക സമ്മേളനത്തില്‍ ആഹ്വാനം നല്‍കുകയും പിസി തോമസിനെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്.
ദേശീയ രാഷ്ട്രീയത്തോടൊപ്പം ചുവടുറപ്പിച്ചുകൊണ്ട് ഒരു പുത്തന്‍ രാഷ്ട്രീയ ശക്തിയായി കേരള കോണ്‍ഗ്രസിനെ വളര്‍ത്തണമെന്ന ആഗ്രഹമായിരുന്നു ആ നീക്കത്തിന് പിന്നില്‍. പക്ഷേ, യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ചതിക്കുഴികളില്‍ നിന്നും ഒരിക്കലും കരകയറാനാവാത്തവിധം അവരിലേതെങ്കിലും മുന്നണിയുടെ പാളയത്തില്‍ ബന്ധിതമാവാനായിരുന്നു കേരള കോണ്‍ഗ്രസിന്റെ വിധി.
ഈ കൂറുമാറ്റത്തിന്റെയും പിളര്‍പ്പിന്റെയും കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച് പുതിയൊരു മുന്നണി രാഷ്ട്രീയ കക്ഷി ബന്ധ രചനയ്ക്ക് സ്വതന്ത്രമായി ചിന്തിക്കുന്ന കേരള കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/kummanam.rajasekharan/posts/3219050974871334
Post Your Comments