മുംബൈ: കേന്ദ്രസർക്കാർ അനുവദിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ പ്ലാന്റ്സ് കോൺഗ്രസ് മന്ത്രി സ്വന്തം മണ്ഡലത്തിലേക്ക് അടിച്ചു മാറ്റിയെന്ന് ആരോപിച്ച് മഹാരാഷ്ട്രയിൽ ശിവസേനാ എംപി രംഗത്ത്. കൊങ്കണിലെ സിന്ധുദുർഗിലാണ് കേന്ദ്ര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് അനുവദിച്ചത്. എന്നാൽ സ്വന്തം മണ്ഡലമായ ലത്തൂരിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മന്ത്രിയും ലത്തൂർ എംഎൽഎയുമായ അമിത് ദേശ്മുഖ് കേന്ദ്രസർക്കാരിന് കത്തെഴുതുകയായിരുന്നെന്ന് ശിവസേനാ എം.പി. വിനായക് റൗട്ട് ആരോപിച്ചു.
സിന്ധുദുർഗിലെ രത്നഗിരിയിൽ നിന്നുള്ള എംപിയാണ് വിനായക് റൗട്ട്. മഹാരാഷ്ട്രയിലെ മെഡിക്കൽ വിദ്യാഭാസ വകുപ്പ് മന്ത്രിയാണ് അമിത് ദേശ്മുഖ്.വിവാദം മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിൽ കല്ലുകടി ആയിട്ടുണ്ട്. ശിവസേനയും കോൺഗ്രസും എൻസിപിയും ചേർന്നാണ് മഹാരാഷ്ട്രയിൽ ഭരണം നടത്തുന്നത്. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖിന്റെ മകനാണ് അമിത് ദേശ്മുഖ്.
എതിരാളികളെപ്പോലും പിന്നിൽ നിന്ന് തലോടുന്ന സ്വഭാവമായിരുന്നു വിലാസ് റാവു ദേശ്മുഖിനെന്നും അദ്ദേഹത്തിന്റെ പാത അമിത് ദേശ്മുഖ് മനസിലാക്കി പിന്തുടരുകയാണ് വേണ്ടതെന്നും വിനായക് റൗട്ട് പറഞ്ഞു. സിന്ധുദുർഗിലെ
ദോദാമാർഗിലുള്ള അഡാലി വില്ലേജിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ കേന്ദ്ര ആയുഷ് മന്ത്രാലയം തീരുമാനിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.
എന്നാൽ പ്രാദേശികമായി ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായപ്പോഴേക്കും ഇൻസ്റ്റിറ്റ്യൂട്ട് ലത്തൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അമിത് ദേശ്മുഖിന്റെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിമാർ കത്ത് നൽകിയെന്നാണ് വിനായക് റൗട്ട് ആരോപിക്കുന്നത്.
വിഷയത്തിൽ അമിത് ദേശ്മുഖിനെ നേരിൽ കാണാൻ നിരവധി തവണ ശ്രമിച്ചുവെന്നും കത്തുകൾ അയച്ചിട്ടുപോലും യാതൊരു പ്രതികരണവും ഇല്ലെന്നും വിനായക് റൗട്ട് ഒരു ചാനൽ പ്രതികരണത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പദ്ധതിയുമായി ഒളിച്ചോടുന്നത് ശരിയായ പ്രവണതയല്ലെന്നും വിനായക് റൗട്ട് കുറ്റപ്പെടുത്തി.
Post Your Comments