നോയ്ഡ: ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ത്രിതല സുരക്ഷയൊരുക്കി യുപി പോലീസ്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്ന വീട് 24 മണിക്കൂറും പോലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സിസിടിവി സംവിധാനങ്ങള്‍ അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്റെ സുരക്ഷയ്ക്കായി രണ്ട് പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. വീടിന് പുറത്ത് സായുധരായ പോലീസ് സേനാംഗങ്ങളുടെ സുരക്ഷയും ഏര്‍പ്പെടുത്തി.
ഇത് കൂടാതെ രണ്ട് വനിതാ എസ്‌ഐ മാരെയും ആറ് വനിതാ കോണ്‍സ്റ്റബിള്‍മാരെയും ഒരു ഡിഎസ്പി, മൂന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, പതിനഞ്ച് പോലീസുകാര്‍ എന്നിവരെയും സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ടെന്ന് ഹത്രാസ് എസ്പി വിനീത് ജയ്സ്വാള്‍ പറഞ്ഞു. ഇതിന് പുറമേയാണ് വീടിന് പുറത്ത് സി സി ടി വി ക്യാമറകളും സ്ഥാപിച്ചിരിക്കുന്നത്.കുടുംബാംഗങ്ങളെ കാണാനെത്തുന്നവരുടെ വിവരങ്ങളും സുരക്ഷാ നടപടികളുടെ ഭാഗമായി രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുണ്ട്.
സന്ദര്‍ശകരെ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടാണ് ഉള്ളിലേക്ക് കടത്തിവിടുന്നതെന്നും വിനീത് ജയ്സ്വാള്‍ പറഞ്ഞു. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനീഷ് കുമാര്‍ അശ്വതിയും കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സുരക്ഷ ഉറപ്പാക്കണമെന്നും ഭീഷണിയുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Post Your Comments