രാംപൂർ: തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസിൽ മുൻ എം.പിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തർപ്രദേശ് കോടതിയുടെ ഉത്തരവ്. മാർച്ച് ആറിന് മുമ്പ് കോടതിയിൽ ഹാജരാക്കാനാണ് നിർദ്ദേശം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസിലാണ് നടപടി.
ഈ കേസുകളിൽ പ്രത്യേക എം.പി-എം.എൽ.എ കോടതി പലതവണ സമൻസ് അയച്ചെങ്കിലും ജയപ്രദ ഹാജരായിരുന്നില്ല. ഏഴ് തവണ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. ജയപ്രദ അറസ്റ്റിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അവരുടെ മൊബൈൽ നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്നും കോടതിയിൽ സമർപ്പിച്ച മറുപടിയിൽ പൊലീസ് വ്യക്തമാക്കി. തുടർന്ന് ജയപ്രദ ഒളിവിൽ പോയതായി വിലയിരുത്തി ജഡ്ജി ശോഭിത് ബൻസാൽ അറസ്റ്റിന് നിർദേശം നൽകുകയായിരുന്നു.
2019ലെ തെരഞ്ഞെടുപ്പിൽ രാംപൂരിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ജയപ്രദ സമാജ്‌വാദി പാർട്ടിയുടെ അസം ഖാനോട് പരാജയപ്പെടുകയായിരുന്നു. 2004ലും 2009ലും എസ്.പി ടിക്കറ്റിൽ രാംപൂർ എം.പി ആയെങ്കിലും പിന്നീട് പുറത്താക്കുകയായിരുന്നു.
Post Your Comments