ലക്നൗ: വ്യാജ ഹലാൽ സര്‍ട്ടിഫിക്കറ്റ് നൽകിയെന്ന കേസിൽ നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന പേരിൽ മുംബൈയിൽ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഭാരവാഹികളാണ് അറസ്റ്റിലായത്. യാതൊരു പരിശോധനയും നടത്താതെ ഇവര്‍ സ്ഥാപനങ്ങള്‍ക്ക് ഹലാൽ സര്‍ട്ടിഫിക്കറ്റുകള്‍ നൽകുകയായിരുന്നു എന്നാണ് കണ്ടെത്തിയത്.
ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന സ്ഥാപനം ഉത്പന്നങ്ങള്‍ പരിശോധിക്കുകയോ സാമ്പിളുകള്‍ ശേഖരിക്കുകയോ സ്ഥാപനം സന്ദർശിക്കുകയോ അവിടുത്തെ പ്രവര്‍ത്തനം നിരീക്ഷിക്കുകയോ ചെയ്യാതെ നിശ്ചിത തുക വാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ നൽകുകയായിരുന്നു എന്ന് കണ്ടെത്തിയതായി ലക്നൗ സ്‍പെഷ്യൽ ടാസ്ക് ഫോഴ്സ് എ.ഡി.ജി.പി അമിതാഭ് യാഷ് പറഞ്ഞു.
ഹലാൽ സര്‍ട്ടിഫിക്കറ്റുകള്‍ നൽകാൻ ഏതെങ്കിലും സർക്കാറിൽ നിന്നുള്ള യാതൊരു അംഗീകാരവും ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം സർട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സർക്കാർ ഏജൻസികളോ അല്ലെങ്കിൽ സ്ഥാപനങ്ങള്‍ക്ക് ഇത്തരം സർട്ടിഫിക്കറ്റുകള്‍ നൽകാൻ അനുമതി നൽകുന്ന സംവിധാനങ്ങളോ ഒന്നും ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് അംഗീകാരം നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
രണ്ട് കമ്പനികളിൽ നിന്ന് ഹലാൽ സർട്ടിഫിക്കറ്റിനെന്ന പേരിൽ പണം വാങ്ങിയ സംഭവത്തിലാണ് നടപടി. ഹലാൽ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഒരു വിഭാഗം ഉപഭോക്താക്കൾ അവരുടെ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്നും അതുമൂലം വിപണിയിൽ വലിയൊരു വിഹിതം നഷ്ടമാവുമെന്നും ഈ കമ്പനികളെ വിശ്വസിപ്പിച്ച് പണം വാങ്ങുകയായിരുന്നു എന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ, സെക്രട്ടറി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിന്റെ വരുമാനവും ചെലവുകളും വ്യക്തമാക്കുന്ന രേഖകൾ ആവശ്യപ്പെട്ടെങ്കിലും അതൊന്നും നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. തട്ടിയെടുത്ത പണം ഇവര്‍ എങ്ങനെ ഉപയോഗിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. സാമ്പത്തിക രേഖകള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇത്തരം നിരവധി സ്വയം പ്രഖ്യാപിത സ്ഥാപനങ്ങളുണ്ടെന്നും അവയ്ക്കെതിരെ തെളിവുകള്‍ ശേഖരിച്ച് നടപടിയെടുക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു.
Post Your Comments