Latest NewsKeralaNewsIndia

ഹത്രാസ് സംഭവത്തിൽ എനിക്ക് ചില സംശയങ്ങളുണ്ട് ; വിഷയവുമായി ബന്ധപ്പെട്ട സകല മാധ്യമ വാർത്തകളും തിരഞ്ഞു പിടിച്ചു വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇത്രയുമാണ് : ശങ്കു ടി ദാസ്

ഉത്തർപ്രദേശിലെ ഹത്രാസ് സംഭവത്തിൽ പ്രതികരിച്ച് അഡ്വ.ശങ്കു.ടി.ദാസ്. എനിക്ക് ചില സംശയങ്ങളുണ്ട്. ദയവായി ആരെങ്കിലും മറുപടി തരണം. വിഷയവുമായി ബന്ധപ്പെട്ട സകല മാധ്യമ വാർത്തകളും തിരഞ്ഞു പിടിച്ചു വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇത്രയുമാണെന്ന് ശങ്കു.ടി.ദാസ് ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

Also read : മ​തം ചേ​ര്‍​ക്കാ​തെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേണം; അ​പേ​ക്ഷ നി​ര​സി​ച്ച് ഉദ്യോഗസ്ഥർ

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ :

ഹത്രാസ് സംഭവത്തിൽ എനിക്ക് ചില സംശയങ്ങളുണ്ട്.
ദയവായി ആരെങ്കിലും മറുപടി തരണം.

വിഷയവുമായി ബന്ധപ്പെട്ട സകല മാധ്യമ വാർത്തകളും തിരഞ്ഞു പിടിച്ചു വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇത്രയുമാണ്.

സെപ്റ്റംബർ 14ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരനായ സത്യേന്ദ്ര തന്റെ സഹോദരിയായ പത്തൊമ്പതുകാരിയെ സന്ദീപ് എന്നൊരാൾ മൃഗീയമായി ആക്രമിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന് കാണിച്ചു ഹത്രാസിലെ ചാന്ദ്പാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു.
കാലികൾക്ക് തിന്നാനുള്ള പുല്ലും വൈക്കോലും ശേഖരിക്കാൻ അമ്മയോടൊപ്പം പാടത്തേക്ക് പോയ പെൺകുട്ടി അന്ന് പകലാണ് ക്രൂരമായ ആക്രമണത്തിന് ഇരയാവുന്നത്.

സഹോദരൻ എഴുതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്ന് തന്നെ പോലീസ് സന്ദീപ് എന്ന ആൾക്കെതിരെ എഫ്.ഐ.ആർ റെജിസ്റ്റർ ചെയ്യുന്നു.
ഐ.പി.സി സെക്ഷൻ 307നും (വധ ശ്രമം) SC/ST Atrocities Act പ്രകാരവുമാണ് കേസ് എടുക്കുന്നത്.
അഞ്ചു ദിവസത്തിന് ശേഷം സെപ്റ്റംബർ 19ന് സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
പെൺകുട്ടി അപ്പോഴും അപകട നില തരണം ചെയ്തിട്ടില്ലാത്തതിനാൽ മൊഴിയെടുക്കാൻ സാധിക്കുന്നില്ല.

സെപ്റ്റംബർ 22ന് പെൺകുട്ടി പൊലീസിന് മൊഴി നൽകുന്നു.
മൊഴിയിൽ താൻ ബാലത്സംഗത്തിന് ഇരയായെന്നും, സന്ദീപിനൊപ്പം മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു.
മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആറിൽ കൂട്ടബലാത്സംഗത്തിന് എതിരായ ഐ.പി.സി 376 D എന്ന വകുപ്പ് കൂടി കൂട്ടി ചേർക്കുന്നു.
മൊഴിയിൽ പറഞ്ഞ മൂന്ന് പേരെയും തൊട്ടടുത്ത ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്യുന്നു.

സെപ്റ്റംബർ 28ന് അലിഗറിലെ ജവാഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ ആരോഗ്യ നില വഷളവുകയും അന്ന് തന്നെ അവളെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുന്നു.
അതിനടുത്ത ദിവസം ഡെൽഹിയിലെ ആശുപത്രിയിൽ വെച്ച് പെൺകുട്ടി മരണത്തിനു കീഴടങ്ങുന്നു.

ഇരയുടെ മരണത്തെ തുടർന്ന് നേരത്തെ രെജിസ്റ്റർ ചെയ്ത കേസിൽ കൊലപാതക കുറ്റം കൂടി ചുമത്തി ഐ.പി.സി 302 കൂടി കൂട്ടിചേർക്കപ്പെടുന്നു.
എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട് നിഷ്കർഷിക്കുന്ന തരത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകുന്നു.
അറസ്റ്റിൽ തുടരുന്ന നാല് പ്രതികളുടെയും വിചാരണ അതിനകം പ്രത്യേക അതിവേഗ കോടതിയിൽ ആരംഭിച്ചിരുന്നു.
എന്നാൽ പൊടുന്നനെ സംഗതികളുടെ ഗതി മാറുന്നു.

പെൺകുട്ടി മൊഴിയിൽ പറഞ്ഞ തരത്തിൽ ബലാത്സംഗത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിൽ തെളിയുന്നില്ല.
തുടർന്ന് നടത്തിയ വിശദമായ ഫോറൻസിക് പരിശോധനയിലും ബലാത്സംഗം നടന്നതായി കാണാനായില്ല.
ഡൽഹി ആശുപത്രിയിൽ നടന്ന പോസ്റ്റ് മോർട്ടത്തിന്റെ റിപ്പോർട്ടിലും ഇര ബലാത്സംഗത്തിന് ഇരയായിരുന്നു എന്നൊരു പരാമർശവും ഇല്ല.
എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇത് അംഗീകരിക്കുന്നില്ല.

മരണം സംഭവിച്ചു 24 മണിക്കൂറുകൾ പിന്നിട്ട ശേഷവും അവർ മൃതദേഹം സംസ്കരിക്കാൻ കൂട്ടക്കാതിരിക്കുന്നു.
പോസ്റ്റ്‌ മോർട്ടം കഴിഞ്ഞ മൃതദേഹം ഇതിലേറെ നേരം സൂക്ഷിച്ചാൽ അത് അഴുകാൻ തുടങ്ങും എന്ന മുന്നറിയിപ്പ് പോലും അവർ വകവെയ്ക്കുന്നില്ല.
സ്വാഭാവികമായി അടുത്ത ദിവസം രാവിലെ കൂടുതൽ ആളുകളെ വിളിച്ചു കൂട്ടി മൃതദേഹവുമായി വലിയൊരു പ്രതിഷേധ പ്രകടനത്തിന് അവർ ഒരുങ്ങുകയാവാം എന്ന് പോലീസ് സംശയിക്കുന്നു.
രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയിൽ നിന്നുണ്ടായ ആക്രമണം രണ്ട് ജാതികൾ തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറാൻ പോവുകയാണ് എന്ന് ജില്ലാ ഭരണകൂടത്തിന് ആശങ്ക ഉണ്ടാവുന്നു.

അതൊഴിവാക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന്റെ നിർദ്ദേശ പ്രകാരം പോലീസ് തന്നെ മൃതദേഹം രാത്രി സംസ്കരിക്കുന്നു.
വീട്ടുകാർ അറിയാതെ പോലീസ് മൃതദേഹം കൊണ്ട് പോയി സംസ്കരിച്ചു എന്ന മട്ടിൽ ചില മാധ്യമങ്ങൾ അത് വാർത്തയാക്കുന്നു.
എന്നാൽ ആ വാർത്തകൾ വ്യാജമാണെന്നും, ശവസംസ്കാരത്തിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരനും പങ്കെടുത്തിരുന്നു എന്നും തെളിയിക്കുന്ന വീഡിയോ അടുത്ത ദിവസം പുറത്തു വരുന്നു.
അതിനോടൊപ്പം തന്നെ പെൺകുട്ടിയുടെ നാവ് മുറിച്ചു മാറ്റിയിരുന്നു എന്ന മട്ടിൽ ഒക്കെ വന്നിരുന്ന മാധ്യമ വാർത്തകളെയും തെറ്റെന്നു തെളിയിക്കുന്ന തരത്തിൽ ഹോസ്പിറ്റലിൽ വെച്ചു പെൺകുട്ടി സംസാരിക്കുന്ന ഒരു വീഡിയോ ദൃശ്യവും പുറത്തു വരുന്നു.

എന്നാൽ ഇതൊന്നും വാർത്തകളുടെ സ്വഭാവത്തെ ഒരു നിലയ്ക്കും മാറ്റുന്നില്ല.
പോലീസ് ബലമായി മൃതദേഹം മറവു ചെയ്തത് തെളിവുകൾ നശിപ്പിക്കാൻ ആണെന്നും, ബലാത്സംഗം നടന്നതായി തെളിവില്ലെന്ന് അധികൃതർ ഒക്കെ പറയുന്നത് പ്രതികളെ സഹായിക്കാൻ ആണെന്നും, ആയതിനാൽ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധ ക്യാമ്പയിൻ ആരംഭിക്കുന്നു.

ഇത്രയുമാണല്ലോ ഹത്രാസിൽ നടന്ന സംഭവങ്ങൾ.
ഇനിയെന്റെ സംശയങ്ങളാണ്.

1. പെൺകുട്ടിയുടെ മൊഴിയിൽ ആരോപിച്ചത് പോലെ ബലാത്സംഗം നടന്നിട്ടില്ലെന്ന് പറയുന്നത് ചന്ദ്പാ ലോക്കൽ സ്റ്റേഷൻ എസ്.എച്.ഒ അല്ല.
മെഡിക്കൽ എക്‌സൈമിനേഷൻ നടത്തിയ ഡോക്ടർ, ഫോറൻസിക് പരിശോധന നടത്തിയ ഗവണ്മെന്റ് ലാബ്, ഡൽഹി ആശുപത്രിയിലെ ഫോറൻസിക് സർജൻ, ഹത്രാസ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരൊക്കെയാണ്.
ഇത്രയും പേരെ സ്വാധീനിക്കാനും, അവരെ കൊണ്ടൊക്കെ തങ്ങൾക്ക് അനുകൂലമായി പറയിക്കാനുമുള്ള എന്ത്‌ സ്വാധീനമാണ് കേസിലെ പ്രതികൾ ആയ നാല് പേർക്കുള്ളത്?
അതും കേസ് എടുത്ത ഒരാഴ്ചക്കകം തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിൽ ആയി വിചാരണ നേരിടുന്നവർ ആണ് അവരെന്നിരിക്കെ?
പ്രതികളിൽ ആർക്കും രാഷ്ട്രീയ ബന്ധങ്ങളോ ഉയർന്ന സാമ്പത്തിക ശേഷിയോ ഉന്നതങ്ങളിൽ പിടിപാടോ ഇല്ലെന്നാണ് മനസ്സിലായത്.
അങ്ങനെയുള്ള നാല് പേർക്ക് വേണ്ടി ഡോക്ടർ മുതൽ ജില്ലാ കളക്ടർ വരെ നുണ പറയുമോ?

2. സംഘർഷ സാധ്യത കണക്കിലെടുത്തു ഹത്രാസിൽ രണ്ടാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നാണ് വായിച്ചത്.
അങ്ങനെയൊരു സാഹചര്യത്തിൽ മരണപ്പെട്ട കുട്ടിയുടെ മൃതദ്ദേഹവുമേന്തി ഒരു വൈകാരിക പ്രതിഷേധ പ്രകടനം നടത്താനുള്ള അവസരം നൽകുകയാണോ യഥാർത്ഥത്തിൽ പൊലീസും ജില്ലാ ഭരണകൂടവും ചെയ്യേണ്ടിയിരുന്നത്?
സമ്പൂർണ്ണമായ ക്രമ സമാധാന തകർച്ച ഉണ്ടാവാതെ നോക്കേണ്ടത് അവരുടെ നിയമപരമായ ബാധ്യത ആയിരുന്നില്ലേ?
അതോ കൂടുതൽ ആളുകൾ മരിക്കുന്ന മട്ടിലൊരു കലാപം തന്നെ നടക്കട്ടെ എന്നാഗ്രഹിക്കുകയാണോ അവർ ചെയ്യേണ്ടിയിരുന്നത്?

3. ഇക്കാര്യത്തിൽ യോഗി ആദിത്യനാഥ് രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നതിന്റെ യുക്തി എന്താണ്?
പ്രതികൾ എല്ലാവരും അറസ്റ്റ് ചെയ്യപ്പെട്ടു.
പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോർട്ടിൽ അവരുടെ വിചാരണ ആരംഭിച്ചു.
ഏറ്റവും ശക്തമായ വകുപ്പുകൾ അവർക്കെതിരെയൊക്കെ ചുമത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ കുടുംബത്തിന് അടിയന്തിര ധന സഹായം നൽകിയിട്ടുണ്ട്.
വിഷയം പ്രധാനമന്ത്രിയുമായി വരെ നേരിട്ട് സംസാരിക്കുകയും, ശക്തമായ നടപടി ഉറപ്പ് കൊടുക്കുകയും, കുറ്റവാളികളിൽ ആരും രക്ഷപ്പെടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
തുടർ അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതിലപ്പുറം എന്താണ് ഇക്കാര്യത്തിൽ ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് ചെയ്യാൻ ആവുക?
ആംബുലൻസിൽ കോവിഡ് രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തിലോ വളയാറിലെ സഹോദരിമാർ ഇരട്ടക്കൊലയ്ക്ക് വിധേയർ ആയ സംഭവത്തിലോ കേരള മുഖ്യമന്ത്രി പിണറായി വിജയനില്ലാത്ത ധാർമിക ഉത്തരവാദിത്വം എങ്ങനെയാണ് യു.പി സംഭവങ്ങളിൽ യോഗിയ്ക്ക് വരുന്നത്?
ബീഹാർ തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ് എന്നതല്ലാതെ മറ്റെന്ത് യുക്തിയാണ് ആ ദളിതരെ പീഡിപ്പിക്കുന്ന യോഗി എന്ന ക്യാമ്പയിന് പുറകിൽ ഉള്ളത്?

എൻ്റെ സംശയങ്ങളാണ്.
എനിക്കീ വിഷയത്തിൽ യാതൊരു സംശയവും ഇല്ലാത്തത് നാല് പ്രതികളും ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ മാത്രമാണ്.
നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ആ മൃഗങ്ങൾക്ക് ലഭിക്കണം എന്നതിലെനിക്ക് നല്ല ഉറപ്പുണ്ട്.
എന്നാൽ പ്രതികളെ വിട്ട് സർക്കാരിന് പിറകെ പോവുന്ന പ്രൊട്ടസ്റ്റ് നരേറ്റീവുകൾ എനിക്കൊട്ടും മനസിലാവുന്നില്ല.

ആരെങ്കിലും പറഞ്ഞു തരണം.

https://www.facebook.com/sankutdas/posts/10157963664067984

shortlink

Related Articles

Post Your Comments

Related Articles


Back to top button