മുംബയ് : ബോളിവുഡില്‍ ലഹരി പുകയുന്നു. നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ ബോളിവുഡ് നടിമാരായ ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ( എന്‍.സി.ബി ) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് നടിമാര്‍ക്ക് അയച്ച സമന്‍സില്‍ പറയുന്നത്. ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖംബട്ട, സുശാന്ത് സിംഗിന്റെ മാനേജര്‍ ശ്രുതി മോദി എന്നിവരെയും ചോദ്യം ചെയ്യും.
രാകുല്‍ പ്രീത് സിംഗും സിമോണ്‍ ഖംബട്ടയും ശ്രുതി മോദിയും നാളെ ഹാജരാകണം. ദീപിക 25നും ശ്രദ്ധയും സാറയും 26നുമാണ് ഹാജരാകേണ്ടത്. ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി ഗോവയിലാണ് ദീപിക ഇപ്പോള്‍. ഇന്ന് രാത്രിയോ നാളെ രാവിലെയോ ദീപിക മുംബയില്‍ എത്തുമെന്നാണ് വിവരം.
കേസില്‍ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി, സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി എന്നിവരുള്‍പ്പെടെ എട്ടോളം പേര്‍ അറസ്റ്റിലായിരുന്നു. റിയയുടെ മൊഴി പ്രകാരമാണ് ശ്രദ്ധ കപൂറിനെയും സാറാ അലി ഖാനെയും ചോദ്യം ചെയ്യുന്നത്. സുശന്തിന്റെ മുന്‍ ടാലന്റ് മാനേജര്‍ ആയിരുന്ന ജയ സാഹയേയും എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. ജയയും കരിഷ്മയും നടത്തിയ ഡ്രഗ് ചാറ്റും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
Post Your Comments