CricketLatest NewsNewsSports

ഷാര്‍ജയില്‍ സിക്‌സര്‍ മഴ പെയ്യിച്ച സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ അമ്പരന്ന് ചെന്നൈയുടെ ബൗളര്‍മാര്‍, തോല്‍വി സമ്മതിച്ച് ധോണിയും കൂട്ടരും

ഷാര്‍ജ: ഇന്നലെ മലയാളി താരം സഞ്ജു വി സാംസണിന്റെ ദിനമായിരുന്നു. ചെന്നൈയുടെ ബൗളര്‍മാരെ നിലംതൊടാതെ പറപറത്തിയ സഞ്ജുവിന്റെ അതി ഗംഭീര ഇന്നിംഗ്‌സില്‍ ശരിക്കും രാജകീയമായിരുന്നു രാജസ്ഥാന്റെ വിജയം. സിക്‌സറുടെ ഘോഷയാത്രയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. സഞ്ജുവിന്റെ വെടിക്കെട്ടില്‍ അക്ഷരാര്‍ത്ഥത്തില്‍ ചെന്നൈ ബൗളര്‍മാര്‍ തകര്‍ന്നു തരിപ്പണമായി. സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തിനായിരുന്നു ഇന്നലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

വണ്‍ഡൗണ്‍ ആയി ഇറങ്ങിയ സഞ്ജു തുടക്കം മുതല്‍ തന്നെ ചെന്നൈ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. 32 ബോളില്‍ 74 റണ്‍സ് വാരിക്കൂട്ടിയാണ് സഞ്ജു കളം വിട്ടത്. 2.2 ഓവറില്‍ 11 റണ്‍സിലിരിക്കെയാണ് ഐപിഎല്‍ അരങ്ങേറ്റം കുറിച്ച അണ്ടര്‍ 19 ലോകകപ്പ് താരം യശസ്വി ജയ്സ്വാള്‍ പുറത്തായതിനു പിന്നാലെ സഞ്ജു കളത്തില്‍ ഇറങ്ങുന്നത്. ഒരറ്റത്ത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ കാഴ്ചക്കാരനാക്കി മലയാളി താരത്തിന്റെ മിന്നുന്ന പ്രകടനം. ഇത് ഒരു പക്ഷെ തന്നെ ഒരു വാട്ടര്‍ ബോയ് ആയി മാത്രം കണക്കിലെടുത്ത ഇന്ത്യന്‍ ടീമിനോടുള്ള പ്രതികാരമായും കണക്കാക്കാം. മുന്നില്‍ വന്നുപ്പെട്ട ഒരു ബോളറെയും സഞ്ജു വെറുതെ വിട്ടില്ല. എല്ലാവരെയും കണക്കിന് ശിക്ഷിച്ചു.

ഇന്നലെ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത് 9 സിക്‌സറുകളാണ്, ഒരു ഫോറും. 19 പന്തില്‍ അര്‍ധശതകവും താരം സ്വന്തമാക്കി. ഐ.പി.എല്ലിലെ ആറാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയാണ് സഞ്ജു ഇന്നലെ ഷാര്‍ജാ സ്റ്റേഡിയത്തില്‍ കുറിച്ചത്. 2017 മെയ് നാലിന് ഫിറോസ് ഷാ കോട്ട്ലയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കവേ ഗുജറാത്ത് ലയണ്‍സിനെതിരേ 24 പന്തില്‍ നേടിയ അര്‍ധശതകമായിരുന്നു ഈ പ്രകടനത്തിനു മുമ്പ് വരെ സഞ്ജുവിന്റെ വേഗതയേറിയ അര്‍ധ ശതകം. രാജസ്ഥാന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡിനൊപ്പമെത്തി ഇന്നലത്തെ കളിയോടെ സഞ്ജു. 2012ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ അവരുടെ മൈതാനത്ത് 19 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഇംഗ്ലിഷ് താരം ഒവൈസ് ഷായുമുണ്ട് സഞ്ജുവിനൊപ്പം. മുന്‍പിലുള്ളത് കഴിഞ്ഞ സീസണില്‍ ഡല്‍ഹിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 18 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ മറ്റൊരു ഇംഗ്ലിഷ് താരം ജോസ് ബട്ലര്‍ മാത്രം.

നേരിട്ട ആദ്യ പന്തില്‍ ദീപക് ചാഹറിനെതിരെ സിംഗിള്‍. ലുങ്കി എന്‍ഗിഡിയുടെ തൊട്ടടുത്ത ഓവറിലും സഞ്ജു ശാന്തനായിരുന്നു. അഞ്ചാംം ഓവറില്‍ എത്തിയതോടെ സഞ്ജു ആളാകെ മാറി. സാം കറന്‍ എറിഞ്ഞ പന്തില്‍ സഞ്ജു മുന്നറിയിപ്പ് നല്‍കി. ഈ ഓവറിലെ മൂന്നാം പന്ത് അല്‍പം ഭാഗ്യത്തിന്റെ കൂടി പിന്‍ബലത്തില്‍ ധോണിക്കു സമീപത്തുകൂടി തേര്‍ഡ്മാന്‍ വഴി ബൗണ്ടറി തൊട്ടു. തൊട്ടടുത്ത പന്തില്‍ ഡീപ് മിഡ് വിക്കറ്റിലൂടെ ഉഗ്രനൊരു സിക്‌സര്‍.

പിന്നീടങ്ങോട്ട് തുടര്‍ച്ചയായ ഓവറുകളില്‍ സിക്‌സറുകള്‍ അടിച്ചുകൂട്ടി സഞ്ജു ആരാധകരെ ആവേശത്തിലാക്കി. ദീപക് ചാഹര്‍ എറിഞ്ഞ ആറാം ഓവറില്‍ ഒരു സിക്‌സ്. രവീന്ദ്ര ജഡേജ എറിഞ്ഞ ഏഴാം ഓവറില്‍ രണ്ട് തുടര്‍ സിക്‌സുകള്‍. പിന്നീട് എത്തിയത് കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയുടെ വിജയശില്‍പികളില്‍ ഒരാളായ ചൗളയായിരുന്നു. പതിവു തെറ്റിക്കാതെ പന്ത് ഗാലറിയിലെത്തിച്ച് സഞ്ജു ചൗളയെ സ്വീകരിച്ചു. ഉടനെ ടിപ്‌സുമായി ധോണിയെത്തിയെങ്കിലും സഞ്ജുവിനെ തളയ്ക്കാന്‍ ഉതകുന്നതായിരുന്നില്ല അത്. പന്ത് എക്‌സ്ട്രാ കവറിനു മുകളിലൂടെ കാര്‍ പാര്‍ക്കിങ്ങില്‍. തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടി സഞ്ജു അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഒരു സിക്‌സ് കൂടി പറത്തിയാണ് സഞ്ജു ചൗളയെ പറഞ്ഞയച്ചത്.

തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ രവീന്ദ്ര ജഡേജ ഇക്കുറി രക്ഷപ്പെട്ടു. ചെറിയ ഇടവേളയ്ക്കു ശേഷം സിക്‌സ് പിറക്കാതെ പോയ ആദ്യ ഓവര്‍. തൊട്ടടുത്ത ഓവറില്‍ പിയൂഷ് ചൗളയ്ക്ക് വീണ്ടും സഞ്ജുവിന്റെ പ്രഹരം. സ്മിത്ത് ആദ്യ പന്തില്‍ നേടിയ സിക്‌സിനു പിന്നാലെ മൂന്നാം പന്ത് സഞ്ജു ലോങ് ഓഫിലൂടെ ഗാലറിയിലെത്തിച്ചു. അടുത്ത വരവില്‍ ജഡേജയും ശിക്ഷിക്കപ്പെട്ടു. മൂന്നാം പന്ത് ലോങ് ഓഫിലൂടെ ഗാലറിയില്‍. ഒടുവില്‍ 12ാം ഓവറില്‍ ലുങ്കി എന്‍ഗിഡി വന്നതോടെ സഞ്ജു ഷോയ്ക്ക് വിരാമം. ഈ ഓവറിലെ നാലാം പന്ത് അക്ഷരാര്‍ഥത്തില്‍ വൈഡായിരുന്നു. പക്ഷേ, ആവേശത്തള്ളിച്ചയില്‍ പന്ത് ഡീപ് കവറിലൂടെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച സഞ്ജുവിന് പിഴച്ചു. കണക്ഷന്‍ കിട്ടാതെ പോയതോടെ ഉയര്‍ന്നു പൊങ്ങിയ പന്ത് ഓടിയെത്തിയ ദീപക് ചാഹര്‍ കഷ്ടപ്പെട്ട് കയ്യിലൊതുക്കി. സെഞ്ച്വറി കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്ത്തി സഞ്ജു മടങ്ങി. എന്നാല്‍ തലയെയും പിള്ളേരെയും വാരിയെടുത്ത് ബൗണ്ടറി കടത്തിയതില്‍ തലയെടുപ്പോടെയുള്ള മടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button