കാസർഗോഡ്: സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ ബിൻലാദനാവാൻ ശ്രമിക്കുകയാണെന്ന പരസ്യ പരാമർശവുമായി കെ സുരേന്ദ്രൻ. മതത്തിന്റെ പേരിൽ തീവ്രവാദം വളർത്തുകയാണ് പിണറായി വിജയനെന്നും കാസർഗോഡ് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അൽ-കൊടിയേരിയായി മാറിയിരിക്കുകയാണ്. സദ്ദാംഹുസൈനെ തൂക്കിക്കൊന്നപ്പോൾ ഹർത്താൽ നടത്തിയവരാണ് സി.പി.എമ്മുകാർ. ബിൻലാദൻ മരിച്ചപ്പോൾ അവർ ലാദന്റെ കൂടെയായി. ഇന്ന് ജലീലിനെ രക്ഷിക്കാൻ വിശുദ്ധഗ്രന്ഥത്തെ ഉപയോഗിക്കുകയാണിവർ.
ഖുറാന്റെ മറവിൽ സ്വർണ്ണക്കടത്ത് നടന്നോയെന്ന് അറിയില്ലെന്നാണ് ഇപ്പോൾ കെ.ടി ജലീൽ പറയുന്നത്. എന്നാൽ ഖുറാനെ അപമാനിച്ചെന്ന് പറയുന്ന മുഖ്യമന്ത്രി നിലപാട് മാറ്റാൻ തയ്യാറുണ്ടോയെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പിണറായി വിജയന്റെ നിലപാട് സി.പി.എമ്മിലെ ഒരു വിഭാഗത്തിനെ വഞ്ചിക്കുന്നതാണ്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വഞ്ചിക്കപ്പെട്ട അവർ സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗ്- സി.പി.എം അവിശുദ്ധസഖ്യം ഉള്ളതുകൊണ്ടാണ് മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീനെ സർക്കാർ സംരക്ഷിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒരു മുൻകൂർ ജാമ്യ അപേക്ഷ പോലും കമറുദ്ദീൻ നൽകാത്തത് അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് കൊണ്ടാണ്. മുഖ്യമന്ത്രിയോട് മാദ്ധ്യമപ്രവർത്തകർ ഈ കാര്യം ചോദിച്ചപ്പോൾ വലിയ തട്ടിപ്പാണ് നടന്നതെന്നും അന്വേഷിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടും ഒരു ചോദ്യം ചെയ്യലിന് പോലും എം.എൽ.എയെ വിളിപ്പിക്കാത്ത സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് പറയുന്നത് കണ്ണിൽപൊടിയിടാനാണ്. കാസർഗോഡ് ജില്ലയിൽ പല പഞ്ചായത്തുകളിലും ബി.ജെ.പിയെ പുറത്താക്കാൻ ലീഗ്-സി.പി.എം സഖ്യം നിലവിലുണ്ട്.
പണം നഷ്ടപ്പെട്ടവർക്ക് പണം തിരിച്ചുനൽകുമെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. എങ്ങനെയാണ് ഇത്രയും വലിയ തുക സമാഹരിക്കുക? ബാങ്ക് വഴിയല്ലാതെ വരുന്ന തുകയെല്ലാം കള്ളപ്പണമാണെന്ന് കേരള പൊലീസിനറിയില്ലേ? അങ്ങനെയെങ്കിൽ പൊലീസ് എന്തിനാണ് ഇത് അനുവദിക്കുന്നത്? സർക്കാരാണ് കമറുദ്ദീനെ സംരക്ഷിക്കുന്നത്. പോപ്പുലാർഫിനാൻസ് തട്ടിപ്പ് കേസ് കേന്ദ്ര ഏജൻസികൾക്ക് വിട്ട സർക്കാർ എന്തുകൊണ്ടാണ് ഇത്രയും പേരെ വഞ്ചിച്ച ഈ കേസ് കേന്ദ്ര ഏജൻസികൾക്ക് വിടാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാപ്രസിഡന്റ് കെ.ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.
Post Your Comments