കോട്ടയം: ബലാത്സംഗക്കേസില്‍ പ്രതിയായ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ രഹസ്യവിചാരണ ഇന്ന് ആരംഭിക്കും. പ്രകൃതിവിരുദ്ധ പീഡനം, മാനഭംഗം, ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി വിലക്കി.
ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒന്നരവര്‍ഷത്തോട് അടുക്കുമ്പോളാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കുന്നത്.ആദ്യഘട്ടത്തില്‍ തന്നെ രഹസ്യവിചാരണ വേണമെന്ന് ബിഷപ് കോടതിയോട് ആവശ്യപ്പെട്ടു. പരാതിക്കാരിയായ കന്യാസ്ത്രിയെയാണ് ആദ്യം വിസ്തരിക്കുന്നത്. കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ബിഷപ് കോടതിയില്‍ ഹാജരാക്കണം. മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയത് പ്രതിയുടെ അപേക്ഷ പരിഗണിച്ചാണ്.
കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രി 2018 ജൂണ്‍ 26നാണ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയത്. 2014 മുതല്‍ 2016 വരെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. നാല് മാസം നീണ്ട വിശദമായ അന്വേഷണത്തിന് ശേഷം വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. 25 ദിവസം ജയിലില്‍ കഴിഞ്ഞ ഫ്രാങ്കോ പിന്നീട് ജാമ്യത്തിലിറങ്ങി. ഒന്‍പത് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ 2019 ഏപ്രില്‍ എട്ടിന് അന്വേഷണ സംഘം ബിഷപ്പിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനത്തിന് പുറമെ ഭീഷണിപ്പെടുത്തല്‍ അന്യായമായി തടഞ്ഞു വെക്കല്‍ തുടങ്ങി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പുറമെ മൂന്ന് ബിഷപുമാര്‍, 23 പുരോഹിതര്‍, 11 കന്യാസ്ത്രികള്‍ 2 ഡോക്ടര്‍മാര്‍ ഏഴ് മജിസ്ട്രേറ്റുമാര്‍ ഉള്‍പ്പെടെ 83സാക്ഷികളാണുള്ളത്. ബിഷപിന്‍റെ ലാപ്പ്ടോപ്പ്, മൊബൈൽ ഫോണ്‍ എന്നിവയ്ക്ക് പുറമെ വിവിധ കന്യാസ്ത്രി മഠങ്ങളിലെ 6 സന്ദര്‍ശക റജിസ്റ്ററുകളും തെളിവുകളായി സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട സുപ്രീംകോടതിയെവരെ സമീപിച്ചെങ്കിലും ബിഷപിനെതിരെ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി.
Post Your Comments