ന്യൂഡൽഹി: ഓയോ റൂം സ്ഥാപകൻ റിതേഷ് അഗർവാളിനും, ഓയോയുടെ ബ്രാന്റായ വെഡ്ഡിംഗ്സ്.ഇൻ സിഇഒ സന്ദീപ് ലോധയ്ക്കുമെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കും കേസ്. ബിസിനസുകാരനായ വികാസ് ഗുപ്ത നൽകിയ പരാതിയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഓയോ റൂംസിനെതിരെ ദേരാ ബാസി പോലീസ് കേസെടുത്തത്.
ഓയോ താനുമായി ഉണ്ടാക്കിയ കരാർ തീർത്തും നിയമവിരുദ്ധമായിരുന്നുവെന്നും, ഇത് തന്നെ കുടുക്കാനുള്ള ബോധപൂർവ്വമായ ഗൂഢാലോചനയ്ക്ക് ശേഷമാണെന്നുമാണ് ചണ്ഡീഗഡിലെ റിസോർട്ട് ഉടമയായ വികാസ് ഗുപ്ത ആരോപിക്കുന്നത്.
വികാസ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കാസ വില്ലാസ് റിസോർട്ട്, ഓയോയുടെ കീഴിലുള്ള വെഡ്ഡിംഗ് വിഭാഗത്തിന് വിവാഹ പാർട്ടികൾ നടത്താൻ ഇവർ വിട്ടു നൽകിയിരുന്നു. അതിൻറെ കരാർ 2019ൽ ഒപ്പിട്ടു. കോവിഡ് പ്രതിസന്ധിയിൽ വിവാഹ ആഘോഷങ്ങൾക്ക് വിലക്ക് വന്നതോടെ നഷ്ടം ഭയന്ന ഓയോ, ഒരു നോട്ടീസ് അയച്ച് ഏകപക്ഷീയമായി കരാർ അവസാനിപ്പിച്ചുവെന്നാണ് ആരോപണം. കരാറിലെ ചില കാര്യങ്ങൾ വളച്ചോടിച്ചാണ് ഇവർ കരാറിൽ നിന്നും പിൻമാറിയത് എന്നും വികാസ് ആരോപിക്കുന്നു. എന്നാൽ കന്പനിക്കെതിരായി വന്ന ഈ ആരോപണങ്ങൾ പ്രസ്താവനയിലൂടെ ഓയോ നിഷേധിച്ചിട്ടുണ്ട്.
Post Your Comments